മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപണം;കാസര്‍കോട് ജില്ലാ നിയമ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: കാസര്‍കോട് ജില്ലാ നിയമ ഓഫീസര്‍ ആകാശ് രവിയെ സര്‍വ്വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.
നിയമവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയും കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് സംഘ് പ്രസിഡന്റുമായ ആകാശ് രവി മുഖ്യമന്ത്രിക്കെതിരെ അങ്ങേയറ്റം അപകീര്‍ത്തികരമായ നോട്ടീസ് സംഘടനയുടെ പേരില്‍ പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട കഠിനശിക്ഷക്കുള്ള അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥനാണെന്നു സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. ഇതിനു പുറമെ പാലക്കാട് ജില്ലാ നിയമ ഓഫീസറായിരിക്കെ പാലക്കാട്, തഹസില്‍ദാര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എല്‍.ആര്‍ എന്നിവരുമായി ചേര്‍ന്നു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും കൈക്കൂലി വാങ്ങുന്നതായും ഉയര്‍ന്ന പരാതികളില്‍ ജില്ലാ കളക്ടര്‍ വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുകയും അതിന്റെ ഭാഗമായി കാസര്‍കോട്ടേക്കു സ്ഥലം മാറ്റുകയുമായിരുന്നുവെന്നു ഉത്തരവില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയതിനു പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയെ അന്വേഷണാധികാരിയായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. തെളിവെടുപ്പിനിടയില്‍ 50,000 രൂപ നല്‍കുകയും ദേശാഭിമാനി വരിക്കാരനാവുകയും ചെയ്താല്‍ അച്ചടക്ക നടപടിയില്‍ നിന്ന് ഒഴിവാക്കാമെന്നു അന്വേഷണാധികാരി വാഗ്ദാനം നല്‍കിയിരുന്നെന്നു ആകാശ് രവി ആരോപണം ഉന്നയിക്കുകയും സത്യസന്ധനും ധാര്‍മ്മികനും കര്‍മ്മോത്സുകനുമായ അന്വേഷണാധികാരിയെ ഇതുവഴി കളങ്കപ്പെടുത്താന്‍ ശ്രമിച്ചെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിനു വിരുദ്ധമായി ഇതുവഴി ആകാശ് രവി പ്രവര്‍ത്തിച്ചതായി ഉത്തരവു പറയുന്നു. സസ്‌പെന്‍ഷന്‍ കാലത്തു ടിയാന് ഉപജീവനബത്തക്ക് അര്‍ഹത ഉണ്ടായിരിക്കുമെന്നു അറിയിപ്പില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ക്ലിപ്തം നമ്പര്‍ 187ല്‍ അടിമുടി അഴിമതി; തിരിമറികള്‍ കണ്ടെത്തി, ലക്ഷങ്ങളുടെ അനധികൃത നടപടികള്‍ക്കു പിരിച്ചുവിടപ്പെട്ട ഭരണസമിതി ഉത്തരവാദിയെന്നു കണ്ടെത്തല്‍

You cannot copy content of this page