പത്തനംതിട്ട: തിരുവല്ല തിരുമൂലപുരത്ത് പെൺകുട്ടിയെ വിഡിയോ കോൾ ചെയ്ത ശേഷം യുവാവ് തൂങ്ങിമരിച്ചു. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് (21) ആണ് മരിച്ചത്. ജർമൻ ഭാഷാ പഠനത്തിനായാണ് അഭിജിത്ത് തിരുവല്ലയിൽ എത്തിയത്. വാടകയ്ക്ക് താമസിച്ച മുറിക്കുള്ളിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. കുമളി സ്വദേശിയും സഹപാഠിയുമായ പെൺകുട്ടിയുമായി യുവാവ് അടുപ്പത്തിലായിരുന്നു. അടുത്തകാലത്തായി ഇരുവരും എന്തോ പ്രശ്നത്തിന്റെ പേരിൽ തമ്മിൽ കലഹമായിരുന്നുവെന്നാണ് പറയുന്നത്. തിങ്കളാഴ്ചയും വഴക്കിട്ടു. പെൺകുട്ടി പിണങ്ങിയതിന് പിന്നാലെ വീഡിയോ കോളിൽ നിർത്തിക്കൊണ്ട് കഴുത്തിൽ കുരുക്കിട്ടു. കേവലം ഭീഷണിയാണെന്ന് കരുതിയെങ്കിലും സംഭവിച്ചത് അതായിരുന്നില്ല. അപകടം മണത്ത പെൺകുട്ടി കോൾ കട്ട് ചെയ്തു. തിരുമൂലപുരത്ത് അഭിജിത്ത് താമസിക്കുന്ന വീട്ടിലെത്തിയപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പെൺകുട്ടിതന്നെയാണ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചത്.സഹപാഠികളായ മറ്റ് ആൺകുട്ടികളോട് പോലും 19 കാരി സംസാരിക്കുന്നതിനെ അഭിജിത്ത് എതിർത്തിരുന്നു. ഇത് ഇരുവരും തമ്മിലുള്ള ബന്ധത്തെ ബാധിച്ചു. വഴക്ക് പതിവായി. ഒടുവിൽ പെൺകുട്ടി സ്വന്തം രക്ഷിതാക്കളെ വിവരം ധരിപ്പിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറുന്നതായി അറിയിച്ചു. ഇത് ആത്മഹത്യയ്ക്ക് പ്രേരണയായെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം.
