കാസർകോട്: ബളാൽ സ്വദേശി ഖത്തറിൽ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. മുണ്ടാത്ത് സൂരജ് ചേവിരി(48) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ജോലിക്കിടെ കുഴഞ്ഞ് വീണ സൂരജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഖത്തർ ഹമദ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ പൂടംകല്ലിൽ താമസിച്ചുവരുന്ന സൂരജ് രണ്ടാഴ്ച്ച മുൻപാണ് ലീവിന് വന്ന് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്.
ബളാലിലെ കൂക്കൾ ഗോപാലൻ നായരുടെയും (മുണ്ടാത്ത് ) ചേവിരി ഭാർഗ്ഗവിയമ്മയുടെയും മകനാണ്. ഭാര്യ: മിനി, മക്കൾ: ദേവദർശ്, ദിയ(ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ: രാജൻ, സതീദേവി, സുനീഷ്.