മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ ചൗക്കി കുന്നില്‍-മൈല്‍പാറ 350 മീറ്റര്‍ റോഡ് പുണ്യം ചെയ്ത റോഡാണെന്നു നാട്ടുകാര്‍. എം.എല്‍.എ ഫണ്ടില്‍ 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച റോഡ് കഴിഞ്ഞ ദിവസം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ.യും പഞ്ചായത്ത് അധികൃതരും ചേര്‍ന്നു ഗംഭീരമായി ഉദ്ഘാടനം ചെയ്തു. ഇതിന്റെ തൊട്ടടുത്ത ദിവസം ഇതേ റോഡ് ലീഗും കോണ്‍ഗ്രസുമൊഴികെയുള്ള പഞ്ചായത്തിലെ മുഴുവന്‍ പാര്‍ട്ടികളും ചേര്‍ന്നു അതിഗംഭീരമായി വീണ്ടും ഉദ്ഘാടനം ചെയ്തു. വിശിഷ്ടാംഗനായ സുധാകരന്‍ മജല്‍, ശ്രീധരന്‍ നീര്‍ച്ചാല്‍, ദാമോദര പണ്ഡിത് എന്നിവര്‍ ചേര്‍ന്നായിരുന്നു ഉദ്ഘാടനം. സര്‍വ്വകക്ഷി സമരസമിതി നേതാക്കളായ എ.സലിം, റിയാസ്, പ്രമീള മജല്‍, ഗിരീഷ്, ജുബൈരിയ, സുലോചന, സെമീമ, ചന്ദ്രശേഖര ബള്ളൂര്‍, വിശ്വനാഥന്‍, അസീസ് കടപ്പുറം, ഹനീഫ, സി.എം.എ ജലീല്‍, അന്‍വര്‍, ഷരീഫ്, ഗണേഷ് നായിക്, ജലീല്‍, രാഘവന്‍, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടയില്‍ ഏപ്രില്‍ 18നു പഞ്ചായത്ത് അധികൃതര്‍ റോഡ് പണി തുടങ്ങിയെന്നു കാണിക്കാന്‍ റോഡ് പൊളിച്ചിടുകയും അതില്‍ തട്ടി വീണു നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. അതിനെതിരെ സമരം ചെയ്ത 16 പേരെ അറസ്റ്റ് ചെയ്യുകയും അവര്‍ക്കെതിരെ കേസ് തുടരുകയുമാണെന്ന് സമരസമിതി അറിയിപ്പില്‍ പറഞ്ഞു. അതിനിടയില്‍ പണി പൂര്‍ത്തിയാകുന്നതു വരെ കാത്തിരിക്കാന്‍ പോലും തയ്യാറാവാതെ തിരക്കിട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നുവത്രെ. നാട്ടുകാരെ പോലും വിവരം അറിയിക്കുകയോ ചടങ്ങില്‍ പങ്കെടുപ്പിക്കുകയോ ചെയ്തില്ലെന്നു സമര സമിതി ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് ഈ ഉദ്ഘാടനത്തിന്റെ തൊട്ടടുത്ത ദിവസം നാട്ടുകാരുടെ മുഴുവന്‍ പങ്കാളിത്തത്തില്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തത്-ഇവര്‍ കൂട്ടിച്ചേര്‍ത്തു.
