റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിലുള്ള അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഹർജി റിയാദ് കോടതി ഇന്ന് പരിഗണിക്കും. മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ നവംബർ 17ന് കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വെക്കുകയായിരുന്നു. പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങൾ അവസാനിച്ചുള്ള അന്തിമ വിധിയും ഒപ്പം മോചന ഉത്തരവുമാണ് ഇന്ന് കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പബ്ലിക് റൈറ്റ്സ് നടപടിക്രമങ്ങളുടെ ഭാഗമായ അന്തിമ ഉത്തരവ് മോചനത്തിൽ റഹീമിന് നിർണായകമാണ്. മോചന ഉത്തരവുണ്ടായാൽ ആഴ്ച്ചകൾക്കോ മാസങ്ങൾക്കോ ഉള്ളിൽ റഹീമിന് നാട്ടിൽ എത്താൻ കഴിഞ്ഞേക്കും. പബ്ലിക് പ്രോസിക്യൂഷന്റെ നിലപാടാകും കേസിൽ നിര്‍ണായകമാവുക. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം റഹീമിന് അനുകൂലമായാല്‍ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം, ജാമ്യത്തിലിറങ്ങി കൂട്ടുപ്രതി മുങ്ങിയത് റഹീമിന്റെ മോചനത്തെ ബാധിക്കില്ല. 2006 ഡിസംബർ 24-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അനസിനെയും കൂട്ടി റഹീം ജി.എം.സി വാനിൽ റിയാദ് ശിഫയിലെ വീട്ടിൽ നിന്ന് പോകവെ അബ്ദുറഹീമിന്റെ കൈ അബദ്ധത്തിൽ അനസിന്റെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി. ഭക്ഷണവും വെള്ളവും നൽകാനായി ഘടിപ്പിച്ചിരുന്ന ഉപകരണത്തിലാണ് കൈ പതിച്ചത്. പിന്നീട് കുട്ടി ബോധരഹിതനാവുകയായിരുന്നു . പിന്നീട് യാത്ര തുടർന്ന റഹീം അനസിന്റെ ബഹളമൊന്നും കേൾക്കാതായപ്പോൾ പന്തികേട് തോന്നി പരിശോധിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നതായി ബോധ്യപ്പെട്ടത്. ആദ്യം റഹീമിന് വധശിക്ഷ നൽകണം എന്ന തീരുമാനത്തിൽ ഉറച്ചു നിന്നിരുന്ന സൗദി ബാലന്റെ കുടുംബത്തിന്റെ വക്കീലുമാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് പിന്നീട് ദിയ ധനം സ്വീകരിച്ച് മാപ്പ് നൽകാൻ തയ്യാറായത്. അബ്ദുൽ റഹീമിന്റെ മോചനത്തിന് മരിച്ച സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത് 15 മില്യൻ റിയാലായിരുന്നു. റഹീമിൻ്റെ മോചനത്തിന് സമാഹരിച്ചത് 47.87 കോടിയായിരുന്നു. 36. 27 കോടി രൂപ ആകെ ചെലവായി.