കാസര്‍കോട്: അതിഞ്ഞാലിലെ സ്വകാര്യാശുപത്രി നഴ്സിംഗ് സ്‌കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസീക പീഡനത്തില്‍ സഹികെട്ടാണെന്നു പറയുന്നു ആത്മഹത്യാ ശ്രമത്തില്‍ അത്യാസന്ന നിലയിലായ ഒന്നാംവര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും നാട്ടുകാരും രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകരും ആശുപത്രിവളഞ്ഞു. വിവരമറിഞ്ഞു ഹൊസ്ദുര്‍ഗ്ഗ് പൊലീസ് ആശുപത്രിയിലെത്തുകയും പ്രതിഷേധക്കാരുടെ പ്രതിനിധികളും വാര്‍ഡനുമായി ആശുപത്രി അധികൃതരും ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചു. തൂങ്ങിയ നിലയില്‍ കണ്ട വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ അധികൃതര്‍ കെട്ടറുത്ത് താഴെയിറക്കി അടിയന്തര ശുശ്രൂഷ നല്‍കി. എന്നാല്‍ വിദ്യാര്‍ത്ഥിനി അത്യാസന്ന നിലയിലായതിനെത്തുടര്‍ന്നു മംഗളൂരു ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടുവരെ വിദ്യാര്‍ത്ഥിനി അബോധാവസ്ഥയില്‍ തുടരുകയാണെന്നു പറയുന്നു. കാസര്‍കോട് ജില്ലയിലെ ഒരു മലയോര ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് ആശുപത്രിയിലുള്ളത്. വിവരമറിഞ്ഞു വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഹോസ്റ്റലില്‍ എത്തിയതോടെ സംഭവം കാട്ടുതീപോലെ നാട്ടില്‍ പ്രചരിച്ചു. നാട്ടുകാരും രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടി. ആശുപത്രി പരിസരത്തു സ്ഥിതി നിയന്ത്രണാതീതമായേക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നെന്നു പറയുന്നു. പൊലീസ് സ്ഥലത്തെത്തി ആള്‍ക്കൂട്ടത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നു നഴ്സിംഗ് സ്‌കൂള്‍ വാര്‍ഡനുമായി ആശുപത്രി അധികൃതരോടും പ്രതിഷേധക്കാരുടെ പ്രതിനിധികളും ഉടന്‍ പൊലീസ് സ്റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചു. സ്ഥലത്ത് ആള്‍ക്കൂട്ടം തുടരുകയാണ്. പൊലീസും നിലയുറപ്പിച്ചിട്ടുണ്ട്.