കാസര്‍കോട്: ഉത്സവാഘോഷങ്ങളുടെ മറവില്‍ ജില്ലയിലെങ്ങും പുള്ളിമുറി അടക്കമുള്ള ചൂതാട്ടങ്ങള്‍ വ്യാപകമായി. കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ബംബ്രാണി, കിദൂര്‍, അമ്പലത്തിനു സമീപത്തെ വയലില്‍ നടക്കുകയായിരുന്ന പുള്ളിമുറി കേന്ദ്രത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 1.25ന് നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാള്‍, സ്വദേശി അസീസ് (38), പെരുമ്പള, കോളിയടുക്കത്തെ ജി കവിലാല്‍ (42) എന്നിവരാണ് അറസ്റ്റിലായത്. കളിക്കളത്തില്‍ വച്ച് 40,500 രൂപ എല്‍ ഇ ഡി ലാമ്പ്, കളിക്കാന്‍ ഉപയോഗിച്ച പേപ്പറുകള്‍ എന്നിവ പിടികൂടിയതായി പൊലീസ് അറിയിച്ചു. മൂന്നു പേര്‍ ഓടി രക്ഷപ്പെട്ടതായി കൂട്ടിച്ചേര്‍ത്തു. പൊലീസ് സംഘത്തില്‍ സുരേഷ്, മഹേഷ്, കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.
ആഘോഷങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ കര്‍ണ്ണാടകയില്‍ നിന്നും വിദൂര ദിക്കുകളില്‍ നിന്നും ഉള്ളവരാണ് ചൂതാട്ട കേന്ദ്രങ്ങളിലേയ്ക്ക് എത്തുന്നത്. ഓരോ കളിസ്ഥലങ്ങളിലും ലക്ഷങ്ങളാണ് മറിയുന്നത്. പുള്ളിമുറിക്ക് പുറമെ ‘ചട്ടിക്കളി’യും വ്യാപകമാണ്. ഒരേ സ്ഥലത്തു തന്നെ ഒരു ഡസനിലധികം ടീമുകളാണ് ചട്ടിക്കളി നടത്തുന്നത്.