പത്തനംതിട്ട: കണ്ണൂരില്‍ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തിയ എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന് പൊലീസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 15ന് രാവിലെ കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. എന്നാല്‍ ആന്തരിക അവയവങ്ങളിലും ശരീരത്തിലും പരിക്കുകളില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എഫ്‌ഐആറിലും മറ്റു സംശയങ്ങള്‍ പറയുന്നില്ല. നവീന്‍ ബാബുവിന്റെത് കൊലപാതകമല്ല, ആത്മഹത്യ തന്നെയാണെന്ന് സിബിഐ അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഈ വാദം തെറ്റാണെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നതെന്ന് നവീന്റെ കുടുംബം പറയുന്നു. അതേസമയം, നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റിന് സഹോദരന്‍ അനുമതി നല്‍കിയെന്ന പൊലീസ് സത്യവാങ് മൂലം നുണയെന്നാണ് കുടുംബം ആരോപിക്കുന്നത്. നവീന്‍ ബാബുവിന്റെ പോസ്റ്റ് മോര്‍ട്ടത്തിന് മുന്‍പാണ് പൊലീസും കലക്ടറും കുടുംബത്തെ ബന്ധപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്ന് നവീന്‍ ബാബുവിന്റെ ബന്ധു അഡ്വ. അനില്‍ പി നായര്‍ പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നുണ്ട്. മൃതശരീരത്തില്‍ നിന്നും രക്തസ്രാവം ഉണ്ടായിട്ടുണ്ട്. അതിനര്‍ത്ഥം ഒരു മുറിവ് ശരീരത്തില്‍ എവിടെയോ ഉണ്ടായിട്ടുണ്ട് എന്നാണ്. അത് എന്തായിരുന്നു എന്ന് പറയേണ്ടത് പൊലീസിന്റെ ബാധ്യതയും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടറുടെ ചുമതലയുമാണെന്ന് അനില്‍ പി നായര്‍ ഒരുമാധ്യമത്തോട് പറഞ്ഞു.
