ശബരിമല: ബാര്‍കോഴ കേസിലെ വിവാദ നായകന്‍ സുനില്‍സ്വാമി ശബരിമല ഇറങ്ങി; 40 വര്‍ഷക്കാലമായി തുടര്‍ന്നു വരുന്ന ശീലം ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തെ തുടര്‍ന്നാണ് അവസാനിപ്പിച്ച് കൊണ്ട് സുനില്‍ സ്വാമിക്ക് മലയിറങ്ങേണ്ടി വന്നത്. നാല്‍പ്പത് വര്‍ഷമായി ശബരിമല നട തുറക്കുന്നതു മുതല്‍ നട അടയ്ക്കുന്നതു വരെ സന്നിധാനത്തെ സ്ഥിരം സാന്നിധ്യമായിരുന്നു ഇദ്ദേഹം. പത്തുവര്‍ഷമായി ഡോണര്‍ ഹൗസായ സഹ്യാദ്രി പില്‍ഗ്രിം സെന്ററിലെ 401-ാം നമ്പര്‍ മുറി സുനില്‍ സ്വാമിയാണ് ഉപയോഗിച്ചിരുന്നത്. ശബരിമലയില്‍ നടക്കുന്ന എല്ലാ ദിവസത്തേയും പൂജകളില്‍ ഇദ്ദേഹം സന്നിധാനത്തും ശ്രീകോവിലിനു മുന്നിലും ഉണ്ടാകാറുണ്ട്.
സുനില്‍ സ്വാമിക്ക് ശബരിമലയില്‍ ലഭിക്കുന്ന പ്രത്യേക പരിഗണന വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് സുനില്‍ സ്വാമിക്ക് ശബരിമലയില്‍ പ്രത്യേക പരിഗണന നല്‍കരുതെന്നു വെള്ളിയാഴ്ച ഹൈക്കോടതി വ്യക്തമാക്കിയത്. വെര്‍ച്വല്‍ ക്യൂ വഴി മാത്രമാണ് ഭക്തര്‍ക്ക് സന്നിധാനത്തിലേക്കു പ്രവേശനമുള്ളത്. ഇതും ഡോണര്‍ റൂമുകളില്‍ താമസിക്കുന്നതിലെ ചട്ടലംഘനവും കോടതി ചൂണ്ടിക്കാട്ടി. ഇതോടെയാണ് വര്‍ഷങ്ങളായി തുടരുന്ന ശീലം തെറ്റിച്ച് സുനില്‍ സ്വാമിക്ക് മലയിറങ്ങേണ്ടി വന്നത്.
