തിരുവനന്തപുരം: വൈദ്യുതി നിരക്കു വര്‍ധനവിനു കാരണം അഴിമതിയും പകല്‍ക്കൊള്ളയുമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു.
വൈദ്യുതി ഉത്പാതക കമ്പനികളുമായി ഒത്തു ചേര്‍ന്നു നടത്തിയ കള്ളക്കളികളാണ് വൈദ്യുതി നിരക്കു വര്‍ധനവിനു കാരണമെന്ന് അദ്ദേഹം പറഞ്ഞു. വളരെ കുറഞ്ഞ നിരക്കില്‍ ലഭിച്ചു കൊണ്ടിരുന്ന വൈദ്യുതിയുടെ ദീര്‍ഘകാല കരാര്‍ റദ്ദാക്കുകയും പകരം അതിന്റെ ഇരട്ടി തുകയ്ക്കു വൈദ്യുതി വാങ്ങുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കും ചാര്‍ജ്ജ് വര്‍ധനയ്ക്കും കാരണമെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യക്ഷത്തില്‍ തന്നെ ഇതില്‍ അഴിമതി വ്യക്തമാണെന്നു അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉല്‍പാദക കമ്പനികളുമായി ചേര്‍ന്നുള്ള കൊള്ളയുടെ ഭാരം ജനങ്ങള്‍ ചുമക്കേണ്ട സ്ഥിതി ഉണ്ടായിരിക്കുന്നു.
യൂണിറ്റിനു 4 രൂപ 15 പൈസ മുതല്‍ 4 രൂപ 29 പൈസ വരെയുള്ള ദീര്‍ഘകാല കരാര്‍ റദ്ദാക്കിയ ശേഷമാണ് യൂണിറ്റിനു 10 രൂപ 25 പൈസ മുതല്‍ 14 രൂപ 30 പൈസ വരെ നല്‍കി സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വൈദ്യുതി വാങ്ങുന്നതെന്നു ചെന്നിത്തല പറഞ്ഞു.
ഇടതു സര്‍ക്കാരിന്റെ ഈ നിലപാടു മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ആ ഭാരം വൈദ്യുതി ബോര്‍ഡ് ഇപ്പോള്‍ ജനങ്ങുടെ തലയിലേക്ക് കെട്ടിയിറക്കുന്നു. 2016ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വൈദ്യുതിയുടെ ഉല്‍പാദക കമ്പനികളായ ജിന്റാല്‍ പവര്‍ ലിമിറ്റഡുമായി യൂണിറ്റിനു 3 രൂപ 60 പൈസ നിരക്കിലും ജാബുവ പവര്‍ലിമിറ്റഡില്‍ നിന്നു യൂണിറ്റിനു 4 രൂപ 15 പൈസ നിരക്കിലും ബാന്‍കോയില്‍ നിന്നു യൂണിറ്റിനു നാലു രൂപ 29 പൈസ നിരക്കിലും ജാബുവയില്‍ നിന്നു 4 രൂപ 29 പൈസ നിരക്കിലും ജിന്‍ഡാലില്‍ നിന്നു 4 രൂപ 29 പൈസ നിരക്കിലും 25 വര്‍ഷത്തേക്കു വൈദ്യുതി ലഭ്യമാക്കാന്‍ കരാറുണ്ടാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദാണ് കരാറുണ്ടാക്കിയത്. 2023ല്‍ ആണ് ഈ കരാര്‍ ഇടതു സര്‍ക്കാര്‍ റദ്ദാക്കിയത്. വൈദ്യുതി ബോര്‍ഡിനെ ഇതിനു പ്രേരിപ്പിച്ചതു വൈദ്യുതി റഗുലേറ്ററി കമ്മീഷനാണെന്നും ഇതില്‍ സര്‍ക്കാരിനു പങ്കില്ലെന്നുമുള്ള ഇടതു സര്‍ക്കാര്‍ വാദം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നു ചെന്നിത്തല പറഞ്ഞു. മുന്‍ വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന വില്‍സണ്‍, സിപിഎമ്മിന്റെ വൈദ്യുതി വിഭാഗം ഓഫീസേഴ്‌സ് സംഘടനാ മുന്‍ ജന.സെക്രട്ടറി ബി. പ്രദീപ് എന്നിവരാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ അംഗങ്ങള്‍. ടി.കെ ജോസ് ഐ.എ.എസ് ആണ് ചെയര്‍മാന്‍. എല്ലാവരും സര്‍ക്കാര്‍ നോമിനികളാണെന്നു ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇവരുടെ തീരുമാനം ഭരണക്കാരുടെ താല്‍പര്യമല്ലെന്നു പറഞ്ഞൊഴിയാന്‍ സര്‍ക്കാരിനു കഴിയുമോ-അദ്ദേഹം ആരാഞ്ഞു. ആര്യാടന്‍ ഉണ്ടാക്കിയ കരാര്‍ അസാധുവാക്കിയ വൈദ്യുതി ബോര്‍ഡ് പകരം യൂണിറ്റിനു 10 രൂപ 25 പൈസ മുതല്‍ 14 രൂപ 3 പൈസ വരെ വില നല്‍കി അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ നാലു കരാറുകളാണുണ്ടാക്കിയിട്ടുള്ളത്. 4 രൂപ 29 പൈസ ഒരു യൂണിറ്റ് വൈദ്യുതിക്ക് 25 വര്‍ഷത്തേക്കു കരാറാക്കിയിരുന്ന ജിന്‍സാജുമായി യുഡിഎഫ് സര്‍ക്കാരുണ്ടാക്കിയ കരാര്‍ റദ്ദാക്കി അവരില്‍ നിന്നു തന്നെ 9 രൂപ 59 പൈസക്കു പുതിയ കരാറുണ്ടാക്കി. പിണറായി സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണ് ഇത്തരം പരിഷ്‌കാരങ്ങള്‍ നടത്താന്‍ കഴിയുക-രമേശ് ചെന്നിത്തല ആരായുന്നു.
