കാസര്‍കോട്: തേളിന്റെ കുത്തേറ്റുവെന്ന സംശയത്തിന്റെ പേരില്‍ ചികിത്സയിലായിരുന്ന പാചക വിദഗ്ധന്‍ മരിച്ചു. ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പരേതനായ രാമണ്ണയുടെ മകന്‍ രാജേഷ് (42) ആണ് വെള്ളിയാഴ്ച മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്.
ചൊവ്വാഴ്ച രാത്രി വീട്ടുമുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് രാജേഷിനെ എന്തോ കടിച്ചത്. കാലില്‍ മുറിവൊന്നും കാണാത്തതിനെ തുടര്‍ന്ന് തേളു കുത്തിയതായിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. വേദനയുള്ള ഭാഗത്ത് പച്ചമഞ്ഞള്‍ അരച്ചു പുരട്ടുകയും ചെയ്തു. അല്‍പ സമയത്തിനു ശേഷം രാജേഷ് ഛര്‍ദ്ദിച്ചു. തുടര്‍ന്ന് മുള്ളേരിയയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നില ഗുരുതരമാണെന്നും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ എത്തിക്കണമെന്നും ജനറല്‍ ആശുപത്രിയില്‍ വച്ച് പരിശോധന നടത്തിയ ഡോക്ടര്‍ അറിയിച്ചു. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ശശികലയാണ് മാതാവ്. ഭാര്യ: സൗമ്യ. ഒരു കുട്ടിയുണ്ട്. ശാലിനി സഹോദരിയാണ്.
രാജേഷിന്റെ ജ്യേഷ്ഠന്‍ സന്തോഷ് മൂന്നു മാസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചിരുന്നു. മംഗ്‌ളൂരുവിലെ ഐ.ടി കമ്പനിയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ജ്യേഷ്ഠനു പിന്നാലെ അനുജനും മരണപ്പെട്ടത് കുടുംബത്തെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.
