കാസര്‍കോട്: രണ്ടു ബലാത്സംഗ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ 25 വര്‍ഷത്തിനു ശേഷം പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം, ആറ്റിങ്ങല്‍ സ്വദേശിയായ രാജു (50) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ പാണത്തൂരില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന സൂചനകളെ തുടര്‍ന്ന് എത്തിയ മലപ്പുറം, എടക്കര പൊലീസ് രാജപുരം പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റു ചെയ്തത്. 1999ല്‍ രണ്ടു ബലാത്സംഗ കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ഇയാള്‍ സ്ഥലം വിട്ടത്. ആറ്റിങ്ങലില്‍ നിന്നു മലപ്പുറത്തെത്തി ജോലി ചെയ്തു വരുന്നതിനിടയിലാണ് രാജു ബലാത്സംഗ കേസുകളില്‍ പ്രതിയായത്. പിന്നീട് നാടുവിട്ട ഇയാളെ പല സ്ഥലങ്ങളിലും അന്വേഷിച്ചുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ രാജുവിന്റെ സ്ഥാനം പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലേക്ക് മാറിയെങ്കിലും പൊലീസ് അന്വേഷണം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് രാജു പാണത്തൂരില്‍ കഴിയുന്നുണ്ടെന്ന സൂചന പൊലീസിനു ലഭിച്ചതും അറസ്റ്റു ചെയ്തതും.