കാസര്‍കോട്: കേരള പൊലീസിനെ സമീപകാലത്ത് ഏറ്റവും കൂടുതല്‍ മുള്‍മുനയില്‍ നിര്‍ത്തിയ രണ്ടു കേസുകളാണ് തിരുവനന്തപുരം പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെയും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെയും കൊലപാതകങ്ങള്‍. തമ്മില്‍ ബന്ധമൊന്നുമില്ലെങ്കിലും സമാനതകള്‍ കൊണ്ട് ശ്രദ്ധേയമാവുകയാണ് രണ്ടു കൊലപാതകങ്ങളും.
നാടിനെ നടുക്കിയ രണ്ടു കേസുകളിലും കൊലയാളികളെ അറസ്റ്റ് ചെയ്തത് ഒരേ പൊലീസ് ഉദ്യോഗസ്ഥനെന്ന പ്രത്യേകതയുമുണ്ട്.
2022 ഒക്ടോബര്‍ 25നാണ് ഷാരോണ്‍ രാജ് മരിച്ചത്. കേസിന്റെ വിശദാംശം ഇങ്ങനെ: ഷാരോണ്‍രാജും ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. തമിഴ്നാട്ടിലെ ദേവിയോട്, രാമവര്‍മന്‍ ചിറ, പൂമ്പള്ളിക്കോണം സ്വദേശിനിയാണ് ഗ്രീഷ്മ(22). പിന്നീട് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ ശ്രമിച്ചു. പക്ഷെ ഷാരോണ്‍ ഒഴിവാകാന്‍ തയ്യാറായില്ല. ഇതോടെയാണ് അമ്മ സിന്ധുവിന്റെയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന്റെയും സഹായത്തോടെ കൊലപാതകം നടത്തിയത്. 2022 ഒക്ടോബര്‍ 13നും 14നും ഗ്രീഷ്മ കാമുകനായ ഷാരോണ്‍ രാജിനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അരിഷ്ടത്തില്‍ വിഷം കലര്‍ത്തി കൊടുത്തു കൊലപ്പെടുത്തിയെന്നുമാണ് കേസ്. ഈ കേസ് ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. പിന്നീട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറി. ഇപ്പോഴത്തെ കാസര്‍കോട് ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പിയും വയനാട് സ്വദേശിയുമായ ജോണ്‍സണിന് ആയിരുന്നു കേസ് അന്വേഷണ ചുമതല. കേസ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല അന്നത്തെ തിരുവനന്തപുരം എസ്.പിയായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് എസ്.പി ഡി. ശില്‍പയ്ക്കുമായിരുന്നു. ഇരുവരുടെയും അന്വേഷണ മികവിലാണ് ഗ്രീഷ്മയെയും കൂട്ടുപ്രതികളെയും നിയമത്തിനു മുന്നിലെത്തിച്ചത്.
2023 ഏപ്രില്‍ 14ന് ആണ് പൂച്ചക്കാട്ടെ അബ്ദുല്‍ ഗഫൂര്‍ ഹാജിയെ വീട്ടിനകത്തു മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്. സ്വാഭാവിക മരണം എന്ന നിലയില്‍ ഖബറടക്കം നടത്തുകയും ചെയ്തു. ഗള്‍ഫിലായിരുന്ന മകന്‍ നാട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ അബ്ദുല്‍ ഗഫൂര്‍ ഹാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു മനസ്സിലാക്കുകയും ബേക്കല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ആര്‍.ഡി.ഒയുടെ അനുമതിയോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തി. തലക്കേറ്റ മാരകമായ പരിക്കാണ് മരണകാരണമെന്നു കണ്ടെത്തി. പിന്നീട് പൊലീസ് അന്വേഷണം തുടര്‍ന്നുവെങ്കിലും കൊലയാളികളെ കണ്ടെത്താനായില്ല. ഇതിനിടയില്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭവും തുടങ്ങി. പക്ഷെ, കൊലയാളികളെ കണ്ടെത്താന്‍ കഴിയാതെ തുടരുകയും കേസ് ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറുകയും ചെയ്തു. പ്രതികളെന്നു സംശയിക്കുന്ന കൂളിക്കുന്നിലെ ഷൈമയെയും ഭര്‍ത്താവ് ഉബൈസിനെയും ചോദ്യം ചെയ്തു. പക്ഷെ നിരാശയായിരുന്നു ഫലം. കര്‍മ്മസമിതി പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതിനിടയിലാണ് ഗ്രീഷ്മ കേസ് തെളിയിച്ച ജോണ്‍സണ്‍ ഡിവൈ.എസ്.പി കാസര്‍കോട് ഡി.സി.ആര്‍.ബിയില്‍ നിയമിതനായത്. ഇതോടെ ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ കേസ് ജോണ്‍സണിനെ ഏല്‍പിച്ചു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനു ഒടുവിലാണ് കേസിനു തുമ്പുണ്ടാക്കി ഷെമീമയെയും കൂട്ടുപ്രതികളെയും അറസ്റ്റു ചെയ്തത്. 596 പവന്‍ സ്വര്‍ണ്ണം കൈക്കലാക്കുന്നതിനാണ് കൊല നടത്തിയതെന്നും കണ്ടെത്തി.
ഷെമീമയെയും ഭര്‍ത്താവ് ഉബൈസിനെയും സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റ കാസര്‍കോട്ടെ ജ്വല്ലറികളിലെത്തിച്ച് തെളിവെടുപ്പു നടത്തി.
