കണ്ണൂര്‍: മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ കാസര്‍കോടു സ്വദേശിയായ യുവാവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ 30കാരിയുടെ പരാതിപ്രകാരം ഫയാസ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മാട്രിമോണിയല്‍ പരസ്യത്തിനോട് പ്രതികരിച്ചതോടെയാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് ഫോണില്‍ ബന്ധപ്പെടുന്നത് പതിവാക്കുകയും ബന്ധം ദൃഢപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം കാറുമായി എത്തിയ ഫയാസ് യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടു പോവുകയും പാലക്കയംതട്ടിലും പയ്യന്നൂരിലും എത്തിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറിയതോടെയാണ് യുവതി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
