തിരുവനന്തപുരം: ഏരിയാ സമ്മേളനത്തില്‍ നിന്നു ഇറങ്ങിപ്പോയ സിപിഎം മംഗലപുരം ഏരിയാ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിന്റെ ഫണ്ട് അടിച്ചുമാറ്റിയെന്നതിന്റെ പേരിലാണ് പാര്‍ട്ടി നടപടിയെന്ന് അറിയിപ്പില്‍ പറഞ്ഞു. ഓഫീസ് നിര്‍മ്മാണ ഫണ്ട് സ്വീകരിക്കുന്നതിനു വേണ്ടി ആരംഭിച്ച രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ ഒന്നിന്റെ കണക്കു മാത്രമേ പാര്‍ട്ടിയെ അറിയിച്ചിരുന്നുള്ളു. രണ്ടാമത്തെ അക്കൗണ്ടിലേക്ക് വന്ന പണം അടിച്ചുമാറ്റിയെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഏരിയാ സമ്മേളനത്തിനിടയില്‍ ജില്ലാ സെക്രട്ടറിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയുമായിരുന്ന വി ജോയ് വന്‍ തുക സ്വന്തമാക്കിയിരുന്നെന്നും ഇപ്പോള്‍ പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടാക്കുകയാണെന്നും മധു ആരോപിച്ചിരുന്നു. അതിനു ശേഷം സമ്മേളനത്തില്‍ നിന്ന് മധു മുല്ലശ്ശേരി ഇറങ്ങിപ്പോവുകയും പിന്നീട് നേതൃത്വം ഇടപെട്ട് തിരിച്ചെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തനിക്കു പകരം മറ്റൊരാളെ ഏരിയാ സെക്രട്ടറിയായി തിരഞ്ഞെടുത്തതോടെയാണ് മധു സമ്മേളന വേദി വിട്ടത്. പിന്നീട് താന്‍ രാജി വച്ചതായും മധു വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബിജെപിയില്‍ ചേരാനുള്ള പ്രഖ്യാപനം നടത്താനിരിക്കെയാണ് മധുവിനെ സിപിഎം നേതൃത്വം പുറത്താക്കിയത്.
