കണ്ണൂര്‍: മാവോയിസ്റ്റ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന കേളകം പൊലീസ് സ്റ്റേഷനു മുകളില്‍ കൂടി നിരവധി തവണ ഡ്രോണ്‍ പറന്നത് ആശങ്ക പരത്തി. ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. ഇതേ കുറിച്ച് അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ-‘ ഏറെക്കാലമായി മാവോയിസ്റ്റ് ആക്രമണ ഭീഷണി നിലനില്‍ക്കുന്ന പൊലീസ് സ്റ്റേഷനാണ് കേളകം. അടുത്തിടെ കര്‍ണ്ണാടക ഷിമോഗയില്‍ മാവോയിസ്റ്റ് കബനീദളം കമാന്റര്‍ വിക്രം ഗൗഡ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജാഗ്രത കുറച്ചു കൂടി കടുപ്പിച്ചിരുന്നു. ഇതിനിടയിലാണ് ഞായറാഴ്ച വൈകുന്നേരം ഏഴു മണിയോടെ ഡ്രോണ്‍ പൊലീസ് സ്‌റ്റേഷനു മുകളിലേക്ക് പറന്നെത്തിയത്. ആദ്യം സംഭവം വലിയ കാര്യമാക്കിയില്ലെങ്കിലും സ്റ്റേഷനു മുകളില്‍ കൂടി ഡ്രോണ്‍ തലങ്ങും വിലങ്ങും കടന്നു പോയതോടെയാണ് പൊലീസ് അധികൃതര്‍ സംഭവം ഗൗരവത്തിലെടുത്തത്. ഉടന്‍ തന്നെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. കേളകം പൊലീസ്, സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഡ്രോണ്‍ പറത്തുന്നവരുടെ താവളം കണ്ടെത്താന്‍ പരക്കം പാഞ്ഞു. ആദ്യമെത്തിയത് ഒരു മദ്യശാലയുടെ മുന്നിലായിരുന്നു. അപ്പോഴേക്കും ഡ്രോണിനു പിന്നിലുണ്ടെന്നു സംശയിച്ചിരുന്നവര്‍ സ്ഥലം വിട്ടിരുന്നു. ഇവര്‍ താര്‍ ജീപ്പില്‍ സഞ്ചരിക്കുന്നതായുള്ള വിവരം ലഭിച്ച പൊലീസ് പ്രസ്തുത വാഹനം കണ്ടെത്താന്‍ ശ്രമം തുടങ്ങി. അന്വേഷണത്തിനൊടുവില്‍ പൊലീസ് സംഘം ഒരു മൈതാനത്തിനു സമീപത്തെത്തി. താര്‍ ജീപ്പിനകത്തു ഉണ്ടായിരുന്നവര്‍ ഈ സമയത്തു ഡ്രോണ്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുകയായിരുന്നു. മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം ഡ്രോണ്‍ താഴേക്കിറക്കി കസ്റ്റഡിയിലെടുത്തു.’
സംഭവത്തില്‍ ബങ്കളം സ്വദേശിയായ ഒ.ടി രജിത്ത് (25) എന്നയാളെ അറസ്റ്റു ചെയ്തു, കൗതുകത്തിനു വേണ്ടിയാണ് ഡ്രൗണ്‍ പറത്തിയതെന്നാണ് രജിത്ത് മൊഴി നല്‍കിയത്. കുറ്റക്കാര്‍ അല്ലാത്തതിനാല്‍ മറ്റു രണ്ടു പേരെ കേസില്‍ നിന്നു ഒഴിവാക്കി. 250 ഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ഡ്രോണുകള്‍ പറത്തണമെങ്കില്‍ ലൈസന്‍സ് വേണം. ഇതു പാലിക്കാതെയാണ് 850 ഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള ഡ്രോണ്‍ രജിത്ത് പറത്തിയത്. ഡ്രോണും അനുബന്ധ ഉപകരണങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
