കാസര്‍കോട്: സാമൂഹ്യ-സുരക്ഷാ ക്ഷേമ പെന്‍ഷനുകള്‍ അനര്‍ഹര്‍ക്കു വിതരണം ചെയ്തതു കണ്ടെത്തിയ സാഹചര്യത്തില്‍ വര്‍ഷങ്ങളായി തദ്ദേശ സ്ഥാപനങ്ങളില്‍ നടക്കുന്ന അനധികൃത നിയമനങ്ങളെക്കുറിച്ചു ഉടന്‍ വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തണമെന്ന് എന്‍.ജി.ഒ സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ക്ഷേമ പെന്‍ഷനുകള്‍ അനധികൃതമായി വാങ്ങിക്കൊണ്ടിരിക്കുന്നവര്‍ സര്‍ക്കാര്‍ ജീവനക്കാരായിരുന്നവരാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ അനുമതി പോലുമില്ലാതെ നിരവധി പേരെ കാസര്‍കോട് ജില്ലയില്‍ വര്‍ഷങ്ങളായി തദ്ദേശ സ്ഥാപനങ്ങള്‍ നിയമിച്ചിട്ടുള്ള കാര്യം ഗൗരവമായി സര്‍ക്കാര്‍ കാണേണ്ടിയിരിക്കുന്നു. ഇത്തരക്കാര്‍ നിരവധി വര്‍ഷങ്ങളായി താല്‍ക്കാലിക ജീവനക്കാരായി തുടരുന്നുണ്ട്. മാത്രമല്ല, സര്‍ക്കാര്‍ ജീവനക്കാര്‍ കൈകാര്യം ചെയ്യേണ്ട സോഫ്ട്‌വെയര്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഇവര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോയെന്ന് ഇനിയെങ്കിലും പരിശോധിച്ചേ തീരു-യോഗം ആവശ്യമുന്നയിച്ചു.
പഞ്ചായത്ത്-മുനിസിപ്പല്‍ ഓഫീസുകളില്‍ ദിവസവേതന നിയമനം, ഹോണറേറിയം നിയമനം, കരാര്‍ നിയമനം, പുനര്‍നിയമനം തുടങ്ങി വിവിധ പേരുകളില്‍ അനധികൃതമായി ഭരണകക്ഷിക്കാരുടെ സ്വന്തക്കാരെ നിയമിക്കുകയും വര്‍ഷങ്ങളായി അതേ തസ്തികയിലിരുത്തി നിര്‍ണ്ണായക ചുമതലകള്‍ ചെയ്യിക്കുകയും ചെയ്യുന്നുണ്ട്. അഞ്ചു വര്‍ഷത്തിലധികം ഇത്തരത്തില്‍ ജോലി ചെയ്തവര്‍ ചെയ്ത ജോലിയെക്കുറിച്ചും അന്വേഷിക്കണം.
ജില്ലാ പ്രസിഡന്റ് കെ. രഞ്ജിത്ത് ആധ്യക്ഷം വഹിച്ചു. സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി. പീതാംബരന്‍ ഉദ്ഘാടനം ചെയ്തു. സുനില്‍ പി.സി, രാജീവ് രാഘവന്‍, തുളസീധരന്‍, രതീഷ് കുമാര്‍, ഹരീഷ് അച്ചേരി, സന്തോഷന്‍ വി.കെ രവികുമാര്‍, ആഞ്ജനേയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://malayalam.karavaldaily.com/wp-content/uploads/2025/01/IMG-20250119-WA0135.jpg)