ബംഗളൂരു: തെലങ്കാനയില്‍ ഏഴ് മാവോയിസ്റ്റുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. തെലങ്കാനയിലെ മുളുഗു ജില്ലയിലെ ചല്‍പ്പാക്ക് ഏറ്റൂര്‍ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രധാന മാവോയിസ്റ്റ് നേതാവ് പാപ്പണ്ണ എന്ന ബദ്രുവും കൊല്ലപ്പെട്ടു. ഒരാഴ്ച മുന്‍പ് പൊലീസിന് വിവരം നല്‍കി എന്ന് പറഞ്ഞ് ഈ മേഖലയില്‍ രണ്ട് ഗ്രാമവാസികളെ മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു. സ്ഥലത്ത് നിന്ന് വന്‍ ആയുധ ശേഖരവും കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു. ഇന്‍സാസ് റൈഫിളുകള്‍, എകെ 47 റൈഫിളുകള്‍, എസ്എല്‍ആര്‍ റൈഫിളുകള്‍ എന്നിവയുള്‍പ്പെടെയുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്.
പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ നടക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഒഡീഷയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നും നിരോധിത സംഘടനയിലെ 60-70 അംഗങ്ങള്‍ മാത്രമേ സംസ്ഥാനത്ത് സജീവമായിട്ടുള്ളൂവെന്നും അതിര്‍ത്തി സുരക്ഷാ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. നവംബര്‍ 22 ന് ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാ സേന 10 മാവോയിസ്റ്റുകളെ വധിച്ച സമാനമായ സംഭവത്തിന് ശേഷമാണ് ഈ ഏറ്റുമുട്ടല്‍.
