കാസര്‍കോട്: മനസ്സു പവിത്രമാക്കാന്‍ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്നു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദിനൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പു നല്‍കുന്ന മതനിരപേക്ഷത, ജനാധിപത്യം, സ്വാതന്ത്ര്യം എന്നിവ വെല്ലുവിളി നേരിടുമ്പോഴും ദേശീയ, ബോധത്തിന്റെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത് കല-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളാണെന്നു അദ്ദേഹം പറഞ്ഞു. ഇളം മനസ്സുകളെ കലാബോധം പവിത്രീകരിക്കുന്നു-മന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്‌കൂള്‍ കലോത്സവത്തിന്റെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ച പടന്ന പഞ്ചായത്ത് സിഡിഎസ്, ഹരിത കര്‍മ്മ സേന, ശബ്ദം വെളിച്ചം ഒരുക്കിയവര്‍, ഭക്ഷണം തയ്യാറാക്കിയ എകെ രാജേഷ് പൊതുവാള്‍ എന്നിവരെ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. എം.രാജഗോപാലന്‍.എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍.എം.പി, എകെഎം അഷ്‌റഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍, ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി മുഹമ്മദ് അസ്ലം, വി.കെ.ബാവ, പി.പി. പ്രസന്നകുമാരി, വി.വി സജീവന്‍, സി.വി.പ്രമീള, കണ്ണൂര്‍ ആര്‍.ഡി.ഡി ആര്‍.രാജേഷ്‌കുമാര്‍, വി.എച്ച്.എസ.ഇ എഡി ഇ.ആര്‍ ഉദയകുമാരി, കാസര്‍കോട് ഡയറ്റ് പ്രിന്‍സിപ്പല്‍ കെ രഘുറാം ഭട്ട്, ഡി.പി.സി.എസ്.എസ് എസ്.ബിജുരാജ്, എം.സുനില്‍കുമാര്‍, റോജി ജോസഫ്, കാഞ്ഞങ്ങാട് ഡിഇഒ കെ.അരവിന്ദ, എഇഒ രമേശന്‍, ചിറ്റാരിക്കാല്‍ എഇഒ പി.പി.രത്‌നാകരന്‍, ഹൊസ്ദുര്‍ഗ് എഇഒ മിനി ജോസഫ്, എം.ടി.പി. ഇസ്മയില്‍, കെ.വി.സത്യന്‍ പ്രസംഗിച്ചു.