Author: കൂക്കാനം റഹ്‌മാന്‍
67 വര്‍ഷം മുമ്പുള്ള ഒന്നാം ക്ലാസ്സിനെ കുറിച്ച് നിങ്ങള്‍ക്കാര്‍ക്കെങ്കിലും ഓര്‍ത്തെടുത്തു പറയാന്‍ പറ്റുമോ?
പലര്‍ക്കും പറ്റില്ലായിരിക്കും. പക്ഷെ ഞങ്ങള്‍ക്ക് പറ്റും. 1956ല്‍ ഓലാട്ട് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിച്ച സുഹൃത്തുക്കളാണ് ഞാനും സി.വി നാരായണനും. ഞങ്ങള്‍ ഇന്നലെ വെള്ളച്ചാലില്‍ വച്ച് വീണ്ടും കണ്ടുമുട്ടി.
അന്നത്തെ ഒന്നാം ക്ലാസുകാരായ കുറേ പേരെ ഇന്നും ഓര്‍മ്മയുണ്ട്. ഞങ്ങള്‍ പരസ്പരം ആ പേരുകളാണ് ആദ്യം ഓര്‍മ്മിച്ചെടുത്തത്. നാരായണന്‍, ജനാര്‍ദ്ദനന്‍, കൃഷ്ണന്‍, സുധാകരന്‍, ഗോപാലന്‍, ജാനകി, കാര്‍ത്യായനി തുടങ്ങിയ സഹപാഠികളെ കുറിച്ചോര്‍ത്തു.അന്നത്തെ അവരുടെ രൂപത്തെയും ഭാവത്തേയും വെറുതെ പറഞ്ഞു നോക്കി.
ഇപ്പൊ എല്ലാവരും 70-75 കഴിഞ്ഞവരാണ്. അന്ന് ആ ക്ലാസ്സില്‍ ഉണ്ടായിരുന്നത് 20-25 പേരായിരുന്നു എന്നാണ് ഓര്‍മ്മ.
അതില്‍ പലരും മണ്മറഞ്ഞു പോയിട്ടുമുണ്ടാവും. എങ്കിലും ആ കാലത്തെ നല്ല ഓര്‍മ്മകള്‍ അരമണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ പങ്കുവെക്കുകയുണ്ടായി. ഒന്നാം ക്ലാസിലെ പ്രണയം, കേട്ടെഴുത്ത്, കൂട്ടുകൂടല്‍, മനക്കണക്ക് വിവിധ ശിക്ഷകള്‍ അങ്ങനെ കുറേ കാര്യങ്ങള്‍ പറഞ്ഞു ചിരിച്ചു.കേട്ടെഴുത്ത് തെറ്റിയാല്‍ ആണ്‍കുട്ടികളെ പെണ്‍കുട്ടികളുടെ ഇടയില്‍ ഇരുത്തും, പെണ്‍കുട്ടികളെ ആണ്‍കുട്ടികളുടെ ഇടയിലുമിരുത്തും, അതാണ് ശിക്ഷ.
അന്നൊക്കെ അത് ഭയങ്കര നാണക്കേടായിരുന്നു.എങ്കിലും അത് സഹിച്ചേ പറ്റൂ. ഏത്തമിടീക്കല്‍, ബെഞ്ചില്‍ കയറി നിര്‍ത്തല്‍, കൈവെള്ളയില്‍ ചൂരല്‍ കൊണ്ടുള്ള അടി-ഇതൊക്കെ അതിന്റെ കൂട്ടത്തിലുള്ളതാണ്.
കേപ്പു ഉണിത്തിരി മാഷായിരുന്നു ഞങ്ങളുടെ ഒന്നാം ക്ലാസിലെ മാഷ്. ചെരുപ്പിടില്ല, വാച്ച് കെട്ടില്ല, ഒരു ഹാഫ് കൈ ഷര്‍ട്ടും ഒറ്റ മുണ്ടുമാണ് വേഷം. ഓല ഷെഡിലാണ് ക്ലാസ് മുറി. ചാണകം മെഴുകിയ നിലം.
ക്ലാസിലെ മൂന്ന് ഭാഗത്തും ബെഞ്ച് വെക്കും. ഒരു ഭാഗത്ത് മാഷിന്റെ കസേരയും മേശയും, ഒരു കോര്‍ണറില്‍ ബ്ലാക്ക് ബോര്‍ഡും വെക്കും. എല്ലാം പൊട്ടിപ്പൊളിഞ്ഞത് തന്നെ. ക്ലാസ്സ് മുറി നിരപ്പായതൊന്നുമല്ല പൊട്ടിയും പൊളിഞ്ഞും കുഴിഞ്ഞുമൊക്കെയുണ്ട്. ആ ഷെഡിന്റെ ഒരറ്റത്താണ് ഒന്നാം ക്ലാസ്. ചിത്ര പാഠാവലി എന്നാണ് ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിന്റെ പേര്. ഒന്നാം പാഠം തന്നെ തറ എന്നാണ് തുടങ്ങുന്നത്. രണ്ടുമൂന്നു മാസം കൊണ്ട് എളുപ്പമുള്ള അക്ഷരങ്ങളും വാക്കുകളും ഞങ്ങള്‍ പഠിച്ചു. ജൂണ്‍ ജൂലൈ ആഗസ്റ്റ് മാസങ്ങളില്‍ കനത്ത മഴയാണ്.
വയലും തോടുമൊക്കെ നിറഞ്ഞൊഴുകും. ക്ലാസ് മുറിയും ചോര്‍ന്നൊലിക്കും. പിന്നെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അന്ന് ഓലക്കുടയുണ്ടാവും. ആണ്‍കുട്ടികള്‍ക്ക് നീളന്‍ കാലന്‍ കുടയും പെണ്‍കുട്ടികള്‍ക്ക് കുറിയ കാലുള്ള കുടയുമാണ് ഉണ്ടാവുക. ആണ്‍കുട്ടികളുടെ ട്രൗസറിന്റെ കീശയില്‍ ഒരു ഒഴിഞ്ഞ തീപ്പെട്ടിക്കൂട് ഉണ്ടാവും.
അതില്‍ നിറയെ സ്ലേറ്റ് പെന്‍സില്‍ കഷണങ്ങളാണ്. എല്ലാ കടയിലും അന്ന് സ്ലേറ്റ് പെന്‍സില്‍ കിട്ടും.
ഒരു പെന്‍സിലിന് ഒരു മുക്കാല്‍ (ഇന്നത്തെ 3 പൈസ) ആണ് വില. പീടികയിലേക്ക് കടലാസ് പെട്ടിയിലാണ് അവ കൊണ്ടു വരിക. പെന്‍സില്‍ പൊട്ടി പോകാതിരിക്കാന്‍ കടലാസ് പെട്ടിയില്‍ ഉമി നിറക്കും. പെന്‍സിലിന്റെ അറ്റത്ത് കടലാസുകൊണ്ട് ഒരു റാപ്പ് ഉണ്ടാകും. രാവിലെ വാങ്ങിയ പെന്‍സില്‍ വൈകിട്ട് ആവുമ്പോള്‍ നാലോ അഞ്ചോ കഷ്ണം ആയിട്ടുണ്ടാവും. കൂട്ടു കൂടാന്‍ പെന്‍സില്‍ കഷണം കൈക്കൂലി ആയി കൊടുക്കും. എപ്പോഴും തീപ്പെട്ടിക്കൂട് നിറയെ പെന്‍സില്‍ കഷണങ്ങള്‍ ഉണ്ടാകും. കേട്ടെഴുത്തു തരുമ്പോള്‍ രണ്ടു കുട്ടികള്‍ പരസ്പരം മുഖത്തോട് മുഖം നോക്കി നില്‍ക്കണം. പരസ്പരം നോക്കി എഴുതാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ക്ലാസില്‍ ഒന്നാമന്‍ രണ്ടാമന്‍ മൂന്നാമന്‍ എന്ന തസ്തികയുണ്ട്. കേട്ടെഴുത്തില്‍ എല്ലാം ശരിയായാല്‍ ഒന്നാമനായി ഇരുത്തും.
ഇതേ പോലെ മനക്കണക്കും തരും. എല്ലാവരും സ്ലേറ്റ് ബെഞ്ചില്‍ വെച്ച് എഴുന്നേറ്റ് നില്‍ക്കണം.
മാഷ് പറയുന്ന കണക്ക് കേള്‍ക്കണം. ഉത്തരം മനസ്സില്‍ കൂട്ടി എടുക്കണം. ഉത്തരം കിട്ടിയാല്‍ സ്ലേറ്റില്‍ എഴുതി കമഴ്ത്തി വെക്കണം. ഓരോരുത്തരായി മാഷിന്റെ അടുത്ത് ചെന്ന് സ്ലേറ്റില്‍ എഴുതിയ ഉത്തരം കാണിക്കണം. ശരിയാണെങ്കില്‍ സ്ലേറ്റിന്റെ പടിയില്‍ ചോക്ക് കൊണ്ട് ഒരു നേര്‍ വരയിടും. ഇത് വീട്ടില്‍ കൊണ്ട് പോയി രക്ഷിതാക്കളെ കാണിക്കണം. അതൊക്കെ ആയിരുന്നു അന്നത്തെ ക്ലാസ്സില്‍ എന്നും അരങ്ങേറുന്ന രംഗങ്ങള്‍. സി.വി.നാരായണന്‍ സി.പി.എം ബ്രാഞ്ച് മീറ്റിംഗിന് വന്നതാണ്. സി.വി. ഇപ്പോള്‍ ഏരിയാ കമ്മറ്റി മെമ്പറാണ്. ഇത്രയും സംസാരിക്കുമ്പോഴേക്കും മീറ്റിംഗ് സമയമായി. പിന്നെയുമുണ്ടായിരുന്നു പറയാന്‍, ഒന്നാം ക്ലാസിലെ മധുരിക്കുന്നതും കയ്പുള്ളതുമായ ഓര്‍മ്മകള്‍.
ഇനി തമ്മില്‍ കണ്ടാല്‍ ബാക്കി പറയാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ പിരിഞ്ഞു.
ഇന്നത്തെ കുട്ടികള്‍ക്ക് അത്ഭുതവും, ഞങ്ങളുടെ പ്രായക്കാര്‍ക്ക് ഓര്‍മ്മ പുതുക്കലുമാവും ഇത്തരം കുറിപ്പുകള്‍.