കാസര്‍കോട്: കാസര്‍കോട് ബാറിലെ പ്രമുഖ അഭിഭാഷകനും ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന പി. സുഹാസി(38)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. സ്‌റ്റേറ്റ് ക്രൈംബ്രാഞ്ച് കാസര്‍കോട് യൂണിറ്റിലെ ഡിവൈ.എസ്.പി പി. മധുസൂദനന്‍ നായര്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് തുടരന്വേഷണത്തിനു ഉത്തരവായത്. ഇതോടെ കാസര്‍കോട്ട് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതക പരമ്പര സംഭവങ്ങള്‍ വീണ്ടും പൊതുശ്രദ്ധയിലെത്തുകയാണ്. 2008 ഏപ്രില്‍ 17നാണ് അഡ്വ. പി സുഹാസ് കാസര്‍കോട്, ഫോര്‍ട്ട് റോഡിലെ വക്കീല്‍ ഓഫീസിനു സമീപത്ത് കുത്തേറ്റ് മരിച്ചത്. ഈ കേസില്‍ ആറു പ്രതികളെ നേരത്തെ കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കോടതി നിര്‍ദ്ദേശ പ്രകാരം കേസ് അന്വേഷണം പിന്നീട് സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. കേസിന്റെ വിചാരണ ആരംഭിക്കാനുള്ള തീയതിയും നിശ്ചയിക്കപ്പെട്ടു. എന്നാല്‍ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരാകേണ്ടതില്ലെന്നു കാസര്‍കോട് ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിചാരണ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവായത്. ഇതിനിടയില്‍ തുടരന്വേഷണം വേണമെന്ന ഹര്‍ജി കോടതിയിലെത്തി. കോടതി ആവശ്യം അംഗീകരിച്ചുവെങ്കിലും തുടരന്വേഷണത്തില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ കേസിന്റെ വിചാരണ നടപടിയിലേക്ക് കടന്നു കൊണ്ടിരിക്കെയാണ് വീണ്ടും തുടരന്വേഷണം വേണമെന്ന അപേക്ഷ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. ആവശ്യം സംബന്ധിച്ച് വിശദമായ വാദം കേട്ട ശേഷമാണ് തുടരന്വേഷണത്തിനു കോടതി ഉത്തരവായത്.
2008 ഏപ്രില്‍ 14ന് രാത്രി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് കാസര്‍കോട് സ്വദേശിയായ സന്ദീപ് (24) കുത്തേറ്റു മരിച്ച സംഭവത്തോടെയാണ് വലിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്.
സന്ദീപിന്റെ കൊലപാതകത്തിന്റെ തുടര്‍ച്ചയായാണ് മുഹമ്മദ് സിനാന്‍, അഡ്വ. പി. സുഹാസ്, ബി.എ മുഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടത്.