ഡോ. രമ്യ രവീന്ദ്രന്‍
(മെഡിക്കല്‍, ഓഫീസര്‍, സി.എച്ച്.സി കുമ്പള)
ഒരു വയസുമുതല്‍ 19 വയസുവരെയുള്ള മുഴുവന്‍ കുട്ടികളും നിര്‍ബന്ധമായി വിരഗുളിക (ആല്‍ബന്റസോള്‍ ) കഴിക്കണമെന്ന് സിഎച്ച്‌സി കുമ്പള മെഡിക്കല്‍ ഓഫീസര്‍ ഡോ.രമ്യ രവീന്ദ്രന്‍ അറിയിച്ചു.
നവംബര്‍ 26 ന് ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി 1 മുതല്‍ 19 വയസ്സുവരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും വീരനശികരണത്തിനുള്ള വിരഗുളിക (ആല്‍ബന്റസോള്‍ ) നല്‍കും. സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ വഴിയാണ് വിരഗുളികയായ ആല്‍ബന്റസോള്‍ നല്‍കുന്നത്. അന്നേ ദിവസം അധ്യാപകരുടെ സാനിധ്യത്തില്‍ കുട്ടികള്‍ വിരഗുളിക കഴിക്കണം.
*വിര ഗുളിക
*കഴിച്ചാല്‍ വിളയും..ഇല്ലേല്‍ വിളറും…
എന്ത് കൊണ്ട് വിരഗുളിക നിര്‍ബന്ധമായും കഴിക്കണം എന്ന് പറയുന്നു?
- കുട്ടികളില്‍ കാണപ്പെടുന്ന വിളര്‍ച്ചക്ക് പ്രധാന കാരണം വിരയാണ്.
- വിര കുട്ടികളില്‍ പോഷണക്കുറവ്, ക്ഷീണം, എന്നിവ ഉണ്ടാക്കുന്നു.
- ഇവ കുട്ടികളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കുകയും പഠിത്തത്തിലും പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെ കുറക്കുന്നു.
- കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തെയും ഉത്സാഹത്തെയും പ്രതികൂലമായി ബാധിക്കുന്നതിനാല്‍ വളരെ ഗൗരവമായി കാണേണ്ടതാണ്.അത് കൊണ്ട് വിര ഗുളിക നിര്‍ബന്ധമായും കഴിക്കണം.
*വിരകള്‍ കാണപ്പെടുന്നത് എവിടെ?
സാധാരണയായി കുടലില്‍ ആണ് വിരകള്‍ കാണപ്പെടുന്നത്. ഉരുളന്‍ വിര, (Round Worm) കൊക്ക പുഴു (Hook Worm)ചാട്ട വിര(Vip Worm), കൃമി (Pin Worm) നാട വിര(Tape Worm) എന്നിവയാണ് സാധാരണയായി വയറില്‍ കാണുന്ന വിരകള്‍.ഇവ കുട്ടികളുടെ ശരീരത്തില്‍ ലഭിക്കേണ്ടുന്ന പോഷണം വലിച്ചെടുക്കുന്നു.ഇത് മൂലം കുട്ടികള്‍ക്ക് പോഷണ വൈകല്യം, ക്ഷീണം എന്നിവ ഉണ്ടാകുന്നു. വിളര്‍ച്ചക്ക് കാരണമാകുന്നു.പഠനത്തെയും ഉത്സാഹത്തെയും ബാധിക്കുന്നു.
വിര ഗുളിക (ആല്‍ബന്റസോള്‍)കഴിക്കേണ്ടുന്ന വിധം
- 1 മുതല്‍ 2 വയസ്സ് വരെയുള്ള കുട്ടികള്‍ അര ഗുളിക ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിപ്പിച്ച് കഴിക്കണം.
- 2 മുതല്‍ 3 വയസ്സുവരെയുള്ള കുട്ടികള്‍ ഒരു ഗുളിക അലിയിച്ച് തിളപ്പിച്ചാറിയ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കഴിയ്ക്കണം.
- 3 മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ ഒരു ഗുളിക ഉച്ചഭക്ഷണത്തിനുശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം വായില്‍ ചവച്ചരച്ച് കഴിക്കണം.
- ആല്‍ബന്റസോള്‍ ആരോഗ്യത്തിനു വളരെ ഗുണപ്രദമാണെന്ന് മാത്രമല്ല വര്‍ഷാവര്‍ഷം കുട്ടികള്‍ക്ക് വിതരണം ചെയ്തു വരുന്നതും വളരെയേറെ സുരക്ഷിതവുമാണ്.
26 ന് വിര വിമുക്ത ദിനം: കുട്ടികള്‍ വിരഗുളിക കഴിച്ചു എന്ന് ഉറപ്പാക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരും
കുട്ടികളുടെ ആരോഗ്യം പരിപാലിക്കേണ്ടത് രക്ഷിതാക്കള്‍ ആണ്. അത് കൊണ്ട് തങ്ങളുടെ കുട്ടികള്‍ വിരഗുളിക കഴിച്ചു എന്ന് ഉറപ്പാക്കേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണ്. നവംബര്‍ 26 ന് സ്‌കൂളില്‍ വെച്ച് വിരഗുളിക (ആല്‍ബന്റസോള്‍ )കഴിക്കുന്നതിനു രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണം. സ്‌കൂളുകളില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ അധ്യാപകരാണ്. അവരാണ് സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ വിര ഗുളിക കഴിച്ചു എന്ന് ഉറപ്പാക്കേണ്ടത്. അവരുടെ സാനിധ്യത്തില്‍ ആയിരിക്കണം കുട്ടികള്‍ ഗുളിക കഴിക്കേണ്ടത്. ജില്ലാ ഭരണകൂടം,ആരോഗ്യ പ്രവര്‍ത്തകര്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് ജനപ്രതിനിധികള്‍, മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും ഇതുമായി സഹകരിക്കുന്നു.നവംബര്‍ 26 ദേശീയ വിര വിമുക്ത ദിനത്തില്‍ വിരഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ ഡിസംബര്‍ 3 ലെ മോപ്പ് 1 അപ്പ് ദിനത്തില്‍ നിര്‍ബന്ധമായും ഗുളിക കഴിക്കേണ്ടതാണ്.