കാസര്‍കോട്: വളപട്ടണത്തെ മൊത്ത അരിവ്യാപാരി അഷ്‌റഫിന്റെ വീട്ടില്‍ നിന്നു ഒരു കോടി രൂപയും 300 പവന്‍ സ്വര്‍ണ്ണവും കവര്‍ച്ച ചെയ്ത കേസിന്റെ അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി. വളപട്ടണം സ്വദേശി അഷ്‌റഫിന്റെ വീട്ടിലാണ് നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. നവംബര്‍ 19ന് അഷ്‌റഫും കുടുംബവും വീടുപൂട്ടി തമിഴ്‌നാട്, മധുരയില്‍ നടന്ന ഒരു വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു കവര്‍ച്ച നടന്നത്. ഞായറാഴ്ച രാത്രി പത്തരമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വീടിന്റെ പിന്‍ഭാഗത്തുള്ള കിടപ്പുമുറിയുടെ ജനല്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ മൂന്നു അലമാരകള്‍ തുറന്നാണ് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയത്. ഒരു അലമാര കുത്തിത്തുറന്ന് അതിനു അകത്തുണ്ടായിരുന്ന താക്കോലെടുത്താണ് രണ്ടാമത്തെ അലമാര തുറന്നത്. രണ്ടാമത്തെ അലമാരയില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് മുന്നാമത്തെ അലമാര തുറന്ന് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയത്.
വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവത്തിനു പിന്നില്‍ മൂന്നു പേരാണെന്നു സംശയിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ തിരിച്ചു വച്ച നിലയിലാണ്. അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ എത്തിയ പൊലീസ് നായ കവര്‍ച്ച നടന്ന മുറിയില്‍ നിന്നു മണം പിടിച്ച് ടാറിട്ട റോഡിലൂടെ മുന്നോട്ട് ഓടി. റെയില്‍പാളത്തിലെത്തിയ നായ മണം പിടിച്ചു അല്‍പനേരം നിന്ന ശേഷം ഒരു കിലോമീറ്ററോളം മുന്നോട്ടു നടന്ന് വളപട്ടണം റെയില്‍വെ സ്റ്റേഷനില്‍ എത്തി നിന്നു. കവര്‍ച്ചാസംഘം അവിടെ നിന്നു ട്രെയിന്‍ മാര്‍ഗം കടന്നിരിക്കാമെന്നാണ് പൊലീസ് സംഘത്തിന്റെ കണക്കുകൂട്ടല്‍. 4.30ന് മംഗ്‌ളൂരുവിലേക്കുള്ള ട്രെയിനുകളില്‍ മലബാര്‍ എക്‌സ്പ്രസിനു മാത്രമേ വളപട്ടണത്ത് സ്റ്റോപ്പുള്ളു. അതിനാല്‍ പ്രസ്തുത ട്രെയിനില്‍ കയറിയ കവര്‍ച്ചക്കാര്‍ മംഗ്‌ളൂരുവിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. അതേ സമയം മലബാര്‍ എക്‌സ്പ്രസില്‍ കാസര്‍കോട്ടെത്തിയ സംഘം മറ്റേതെങ്കിലും ട്രെയിനിലോ വാഹനത്തിലോ മറ്റു ഭാഗങ്ങളിലേക്ക് കടന്നു കളയാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
