Author: നാരായണന്‍ പേരിയ
‘വൈകിയെത്തുന്ന നീതി ഫലത്തില്‍ നീതി നിഷേധം തന്നെ’.നിയമജ്ഞര്‍ ആവര്‍ത്തിക്കാറുള്ള തത്ത്വം. ഫലത്തില്‍ ഇതു വെറും തത്ത്വോല്‍ബോധനം മാത്രമാവുകയാണ്. ഈ നിഷേധം അങ്ങനെ അല്ലാതാക്കാന്‍ ന്യായാസനങ്ങളിലിരിക്കുന്നവരും സര്‍ക്കാരും എന്തെങ്കിലും ചെയ്യുന്നുണ്ടോ?
പാവം കുമാരന്റെ ദുരനുഭവം ഈ ചോദ്യത്തിന് ഉത്തരം നല്‍കും-‘ഇല്ല’ എന്ന്.
കുമാരന് ഉണ്ടായ ദുരനുഭവം എന്തെന്ന് പറയാം: 1993 ഏപ്രില്‍ 14ന് തുടക്കം. നായന്മാര്‍മൂലയിലെ ചന്ദനഫാക്ടറിയില്‍ നിന്നു പൊലീസ് ചന്ദനത്തൈലം കണ്ടെത്തി. അഞ്ചു ബാരല്‍ ചന്ദനത്തൈലം കസ്റ്റഡിയിലെടുത്ത് ടൗണിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചു. അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു ഫോണ്‍ സന്ദേശമെത്തിയത്. മധൂര്‍ ക്ഷേത്രപരിസരത്ത് രണ്ടു സമുദായങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ സംഘര്‍ഷം. എന്തും സംഭവിക്കാം. നാടാകെ സാമുദായിക കലാപം പടരാനിടയുണ്ട്. അക്കാലത്ത് അങ്ങനെ പലേടത്തും നടക്കാറുണ്ട്. പൊലീസുകാര്‍ ഉടനെ മധൂരിലേക്ക് കുതിച്ചു. സ്റ്റേഷന്‍ ഡ്യൂട്ടിക്ക് കോണ്‍സ്റ്റബിള്‍ കുമാരനെ നിയോഗിച്ചു.
പൊലീസ് സംഘം മധൂരിലെത്തിയപ്പോള്‍ അറിയുന്നു. അവിടെ പരമശാന്തം. കേട്ടത് മാതിരി ഒന്നുമില്ല. ആരോ കളിപ്പിച്ചത്. പണ്ട് തളങ്കരയിലെ ബഷീറിന്റെ (പേര് മറ്റൊന്നാകാം) കിണറ്റില്‍ ഒരാള്‍ വീണു എന്ന അറിയിപ്പ് പ്രകാരം സുരക്ഷാ വിഭാഗക്കാര്‍ സജ്ജീകരണങ്ങളോടെ അന്വേഷിച്ചുപോയതും, ഏത് ബഷീര്‍ എന്ന് വ്യക്തമല്ലാതെ എല്ലാ ബഷീര്‍മാരുടെയും വീട് തേടിപ്പോയി നേരം വെളുക്കും വരെ ഓടിത്തളര്‍ന്നതും പലരും ഓര്‍ക്കുന്നുണ്ടാകും. അത് പോലെ ഇതും ഒരു തമാശ-ദുരുദ്ദേശ്യത്തോടെ ചെയ്തത് എന്ന് പിന്നാലെ വ്യക്തമായി. ഒരു ഗൂഢാലോചന-കുതന്ത്രം.
ഏതായാലും തല്‍ക്കാലം ആശ്വാസമായി. ഭയപ്പെട്ടത് മാതിരി അനിഷ്ട സംഭവങ്ങളൊന്നും നടന്നില്ലല്ലോ. പക്ഷെ….
പിറ്റേന്ന് രാവിലെ തന്നെ ചന്ദനത്തൈലക്കേസ് കോടതിയിലെത്തി. തൊണ്ടി മുതലായ അഞ്ച് ബാരല്‍ ചന്ദനത്തൈലം ഹാജരാക്കി. ബാരല്‍ തുറന്ന് സാമ്പിള്‍ പരിശോധിച്ചപ്പോള്‍ പച്ചവെള്ളം-എല്ലാ ബാരലുകളിലും. ഫാക്റ്ററിയില്‍ നിന്നു കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചത് ചന്ദനത്തൈലമായിരുന്നു. ഒരൊറ്റ രാത്രി കൊണ്ട് അത് പച്ചവെള്ളമാകുക. കാനായിലെ കല്യാണവീട്ടില്‍, പച്ചവെള്ളം വീഞ്ഞായത് പോലെ (അത് ക്രിസ്തുവിന്റെ അത്ഭുതം) ഇവിടെ ചന്ദനത്തൈലം പച്ചവെള്ളമായി-ആരുടെ കൈക്രിയ?
സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ കുമാരനല്ലാതെ മറ്റാരാണ് ഇത് ചെയ്തത്. ഫാക്ടറി ഉടമയ്്ക്കും (അയാളും കസ്റ്റഡിയിലുണ്ടായിരുന്നു)കുമാരനുമെതിരെ കേസെടുത്തു. കുമാരനെ സസ്പെന്റ് ചെയ്തു. 1994 മേയില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ കുമാരനും ഫാക്ടറി ഉടമയും മാത്രം. 1999ല്‍ കേസ് വിചാരണ കഴിഞ്ഞ് കോടതി പ്രതികളെ വെറുതെ വിട്ടു-തെളിവില്ല എന്ന് വിധി.
കേസിന്റെ ഭാഗമായി സര്‍വ്വീസില്‍ നിന്നും പുറത്താക്കപ്പെട്ട കുമാരന്‍ കോടതി കുറ്റവിമുക്തനാക്കിയ സ്ഥിതിക്ക് തന്നെ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു. പക്ഷെ, വകുപ്പുതല നടപടി തീര്‍ന്നിട്ടില്ല എന്ന് പറഞ്ഞ് അപേക്ഷ നിരസിച്ചു. മേലധികാരികള്‍ക്ക് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും തള്ളി. കുമാരന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് വിട്ടു. കുമാരന് അനുകൂലമായി ട്രൈബ്യൂണലിന്റെ വിധി-അര്‍ഹമായ പ്രമോഷന്‍ ഉള്‍പ്പെടെ നല്‍കി രണ്ടു മാസത്തിനുള്ളില്‍ തിരിച്ചെടുക്കേണ്ടതാണ് എന്ന് ട്രൈബ്യൂണല്‍ വിധിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ 2017ല്‍ അപ്പീല്‍ ബോധിപ്പിച്ചു. അപ്പീല്‍ തള്ളി, നേരത്തെയുള്ള ട്രൈബ്യൂണല്‍ വിധി അതേ പടി നടപ്പാക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒക്ടോബര്‍ 23ന് വിധിച്ചു. 2016ല്‍ തിരിച്ചെടുത്തിരുന്നെങ്കില്‍ കുമാരന് 2018ല്‍ എസ്.ഐ ആയി റിട്ടയര്‍ ചെയ്യാമായിരുന്നു.
ഇതിനിടയില്‍ കുമാരന് മറ്റൊരു നഷ്ടവും സംഭവിച്ചു-അപരിഹാര്യമായ നഷ്ടം. ഇരിയയിലെ ഒരു വീട്ടില്‍ പെണ്ണ് കാണാന്‍ പോയി ഇഷ്ടപ്പെട്ട് വിവാഹം ഉറപ്പിച്ച സമയത്തായിരുന്നു കേസുണ്ടായത്. അതോടെ വിവാഹം മുടങ്ങി. ക്രിമിനല്‍ കേസില്‍ പ്രതിയായി ജോലിയില്‍ നിന്നു പുറത്താക്കപ്പെട്ടയാള്‍ക്ക് പെണ്ണോ? രണ്ട് സഹോദരിമാരുണ്ട് കുമാരന്. അവരും അവിവാഹിതര്‍. കാരണം സഹോദരന്റെ പേരിലുള്ള കേസ് തന്നെ. കൂലിപ്പണി ചെയ്ത് കുടുംബം പുലരുന്നു. കുമാരന് ഇപ്പോള്‍ ശാരീരികാവശതകളുമുണ്ട്. വാര്‍ധക്യ പെന്‍ഷന്‍ കിട്ടുന്നു അതാണ് ഏക ആശ്വാസം. വെറുമൊരു തൊഴുത്താണ് പാര്‍പ്പിടം.
കേസും തുടര്‍നടപടികളും വൈകിയത് കാരണം എന്തെല്ലാമാണ് ആ കുടുംബത്തിന് നഷ്ടമായത്. അതും എന്നന്നേക്കുമായി…
ഈ നീതി നിഷേധത്തിന് ആരാണ് ഉത്തരവാദി? നമ്മുടെ നീതിന്യായ സംവിധാനമോ, സര്‍ക്കാരോ?