കോഴിക്കോട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെത്തുടര്‍ന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം നടത്തിയ പ്രസ്താവനക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ശക്തമായി പ്രതിഷേധിച്ചു. സുന്നത്ത് ജമാഅത്തിനെതിരെ ലീഗ് വേദി ഉപയോഗപ്പെടുത്തി നിരന്തരം സലഫി ആശയം പ്രചരിപ്പിക്കുന്നതു കൈയും കെട്ടി നോക്കി നില്‍ക്കാനാവില്ലെന്നു സമസ്ത നേതാക്കള്‍ പ്രസ്താവനയില്‍ മുന്നറിയിച്ചു.
തിരഞ്ഞെടുപ്പു കാലത്ത് എല്ലാ സ്ഥാനാര്‍ത്ഥികളും ആശിര്‍വാദം തേടി പ്രമുഖ വ്യക്തികളെ സമീപിക്കുന്നതു സാധാരണമാണെന്നു സമസ്ത ചൂണ്ടിക്കാട്ടി. ഇങ്ങനെ എത്തുന്നവരെ മാന്യമായി സ്വീകരിക്കുന്നത് മര്യാദയാണ്. ഇതിന്റെ പേരില്‍ കേരള മുസ്ലീംങ്ങളിലെ സിംഹഭാഗത്തെ പ്രതിനിധീകരിക്കുന്ന സമസ്തയെന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനെ ഒട്ടും മാന്യമല്ലാത്ത രീതിയിലാണ് സലാം ആക്ഷേപിച്ചതെന്ന് നേതാക്കള്‍ എടുത്തു പറഞ്ഞു.
മുസ്ലീംലീഗിന്റെ മറപിടിച്ചു സലഫി ആശയക്കാരായ സലാം ഉള്‍പ്പെടെയുള്ള ചിലര്‍ സുന്നി വിശ്വാസികളെയും സമസ്തയേയും നിരന്തരം ആക്ഷേപിക്കുന്നതും വര്‍ധിക്കുന്നു. സലഫി പ്രസ്ഥാനവുമായി സുന്നി വിശ്വാസികള്‍ക്ക് ഒരിക്കലും യോജിക്കാനാവാത്ത വിഷയങ്ങള്‍ പോലും ലീഗ് വേദി ഉപയോഗപ്പെടുത്തിക്കൊണ്ടു തന്റെ സലഫി ആശയം പ്രചരിപ്പിക്കാന്‍ അടുത്ത കാലത്ത് സലാം ശ്രമിച്ചു. മുസ്ലീംലീഗ് പ്രസ്ഥാനത്തെയും സമസ്തയെയും പരസ്പരം അകറ്റി സലഫിസം നടപ്പാക്കാനുള്ള തല്‍പ്പര കക്ഷികളുടെ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നു അറിയിപ്പ് ഓര്‍മ്മിപ്പിച്ചു. എസ് വൈ എസ് ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ജമലുല്ലൈലി, എസ് വൈ എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ് വൈ എസ്് സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍, ട്രഷറര്‍ എ എം പരീദ്, എസ് വൈ എസ് സംസ്ഥാന വൈസ് പ്രസി. ഇബ്രാഹിം ഫൈസി പേരാല്‍, സംസ്ഥാന സെക്രട്ടറി മുസ്തറഫ മുണ്ടുപാറ, എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഒ പി എം അഷ്റഫ്, വൈസ് പ്രസി. സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ഹസനി കണ്ണന്തള്ളി, ട്രഷറര്‍ അയ്യൂബ് മുട്ടില്‍ തുടങ്ങിയവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്. പാലക്കാട്ടെ വലത്- ഇടതു സ്ഥാനാര്‍ത്ഥികളെക്കുറിച്ചു പറയുന്നതിനിടയിലെ പി എം എ സലാമിന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. ഇടതു സ്ഥാനര്‍ത്ഥി മൂന്നാം സ്ഥാനത്തേക്കു പോകുമ്പോള്‍ അദ്ദേഹത്തിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച മറ്റൊരു നേതാവുണ്ടായിരുന്നെന്നും ആരുടെ കൂടെയാണ് മുസ്ലീം സമൂഹം എന്നു വ്യക്തമായി അംഗീകരിക്കപ്പെട്ട സാഹചര്യമാണ് ഇതെന്നുമായിരുന്നു സലാമിന്റെ പരാമര്‍ശം. ഈ പരാമര്‍ശമാണ് പിന്നീട് വിവാദമായത്. ഇതിനെത്തുടര്‍ന്നു സലാം ഈ പരാമര്‍ശത്തിലൂടെ ഉദ്ദേശിച്ചത് മുഖ്യമന്ത്രിയെയാണെന്നു തിരുത്തിയിട്ടുണ്ട്.
