കൊച്ചി: മുകേഷ്, ജയസൂര്യ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കാനുള്ള തീരുമാനം തിരുത്തി ആലുവ സ്വദേശിയായ നടി. കേസുകളുമായി മുന്നോട്ടുപോകുമെന്നും തനിക്കെതിരായ പോക്‌സോ കേസ് നിയമപരമായി നേരിടുമെന്നും നടി വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു ഉള്‍പ്പെടേയുള്ള ഏഴുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അതിനിടെ പരാതി പിന്‍വലിക്കുമെന്ന പ്രഖ്യാപനവും നടി കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പരാതിയില്‍ നിന്ന് പിന്‍മാറുന്നതായി അറിയിച്ച് എസ്.ഐ ടിക്ക് കത്ത് നല്‍കുമെന്നും നടി പറഞ്ഞിരുന്നു. തന്നെ കേള്‍ക്കാന്‍ പോലും അന്വേഷണ സംഘം തയാറാകില്ല. വിളിച്ചാല്‍ ഫോണെടുക്കില്ല. പരാതിക്കാരിക്ക് കിട്ടേണ്ട പരിഗണനപോലും തരുന്നില്ല. പോക്‌സോ കേസില്‍ പ്രതിയാക്കി തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ സത്യാവസ്ഥ കണ്ടെത്താന്‍ പൊലീസ് തയാറായില്ല. സാമൂഹ്യമാധ്യമങ്ങളില്‍ നിന്നടക്കം കടുത്ത ആക്രമണം ഉണ്ടായി. തനിക്കെതിരായ കേസില്‍ പൊലീസ് നേര്‍വഴിക്ക് അന്വേഷിച്ചാലേ പരാതിക്കാരിയായ കേസിലും മുന്നോട്ടുളളുവെന്നുമായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്. പരാതി പിന്‍വലിക്കാന്‍ ഒരു നടന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു.
