കുമ്പള: കുമ്പള പഞ്ചായത്തിലെ കഞ്ചിക്കട്ട-കൊടിയമ്മ പാലം വഴിയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായി നിരോധിച്ച് വര്‍ഷം ഒന്ന് പിന്നിട്ടിട്ടും പുനര്‍ നിര്‍മ്മാണം വൈകുന്നു. അപകടാവസ്ഥയിലായ പാലം ജില്ലാ കലക്ടര്‍ ഇ. ഇമ്പശേഖരന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അടച്ചിടാന്‍ ഉത്തരവിട്ടത്.
കഞ്ചിക്കട്ട പാലത്തിന്റെ ദുരിതാവസ്ഥയും കാലപ്പഴക്കവും നാട്ടുകാര്‍ ചൂണ്ടിക്കാട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. നടപടി ഇല്ലാത്തതില്‍ സഹികെട്ട നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിയും കര്‍മ്മസമിതിയും രൂപീകരിച്ചു. അധികൃതരുടെ അനങ്ങാപ്പാറ നയത്തില്‍ പ്രതിഷേധിച്ചു കലക്ടറേറ്റ് പടിക്കല്‍ ഉള്‍പ്പെടെ സമരസമിതി സംഘടിപ്പിച്ചു. എ.കെ.എം അഷ്‌റഫ് എം.എല്‍.എ വിഷയം നിയമസഭയില്‍ ചൂണ്ടിക്കാട്ടി മന്ത്രിമാര്‍ക്കും, ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ നിരന്തരമായി നിവേദനവും നല്‍കി. ഗതാഗത-ജലസേചന വകുപ്പ് ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദര്‍ശിച്ചു. എന്നിട്ടും പാലത്തിന്റെ പുനര്‍നിര്‍മാണം നിശ്ചലമായി കിടക്കുന്നു.
പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ ക്ഷയിച്ചതിനാല്‍ ഇരുമ്പ് കമ്പികള്‍ പുറത്തുകാണുന്ന നിലയിലായിരുന്നു. കൈവരികള്‍ സ്ഥാപിക്കാതെയുള്ള ജില്ലയിലെ ഏക പാലമാണ് കഞ്ചിക്കട്ടയിലേത്. ഇതിലൂടെ നേരത്തെ നൂറുകണക്കിന് ചെറുതും വലുതുമായ വാഹനങ്ങള്‍ കടന്നു പോകുമായിരുന്നു. പോരാത്തതിന് നിരവധി സ്‌കൂള്‍ ബസുകളും. അപകടാവസ്ഥ നേരില്‍ക്കണ്ടാണ് കഴിഞ്ഞവര്‍ഷം പാലം അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. ദുരന്തനിവാരണ നിയമം(2005) ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇത്.
1972ല്‍ സ്ഥാപിച്ച പാലത്തിന് അരനൂറ്റാണ്ട് കാലത്തെ പഴക്കമുണ്ട്. പ്രദേശങ്ങളിലെ ഗതാഗത സൗകര്യത്തിന് പുറമെ വേനല്‍ക്കാലത്ത് കൃഷിയിടങ്ങളിലേക്ക് വെള്ളം കയറാതിരിക്കാനും, കര്‍ഷകര്‍ക്ക് കൃഷിക്ക് വേണ്ടി വെള്ളം സംഭരിക്കാനുള്ള ആവശ്യത്തിനുമായിരുന്നു വിസിബി സംവിധാനത്തോട് കൂടി പാലം നിര്‍മ്മിച്ചത്. നേരത്തെ ഇതിലൂടെ ബസ് സര്‍വീസും ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പാലം അപകടാവസ്ഥയിലായപ്പോള്‍ ബസ് സര്‍വീസ് നിര്‍ത്തി. പാലത്തിലൂടെ ഇരുചക്ര വാഹനങ്ങള്‍ നിരോധനം അവഗണിച്ച് ഇപ്പോള്‍ ഓടുന്നുണ്ട്. നിരോധനത്തോടൊപ്പം അധികൃതര്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ എടുത്തുമാറ്റിയാണ് ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുന്നത്. സന്ധ്യയായാല്‍ പാലം സാമൂഹിക വിരുദ്ധ സംഘം താവളമാക്കുന്നു.
താഴെ കൊടിയമ്മ, കുണ്ടാപ്പ്, ചൂരിത്തടുക്ക, മളി, പറുവത്തടുക്ക, ചത്രപള്ളം, ആരിക്കാടി എന്നിവിടങ്ങളിലെ യാത്രക്കാര്‍ക്ക് കുമ്പള ടൗണിലേക്ക് എളുപ്പത്തില്‍ എത്താനുള്ള മാര്‍ഗ്ഗമായിരുന്നു കഞ്ചിക്കട്ട-കൊടിയമ്മ പാലം.