ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് ഫലം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ കൊടുങ്കാറ്റായി മഹായുതി സഖ്യം. മൊത്തം 288 സീറ്റില്‍ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റില്‍ മാത്രമാണ് മുന്നില്‍. ബിജെപിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളില്‍ 124ലും ബിജെപി ലീഡ് ചെയ്യുന്നു. ദേവേന്ദ്ര ഫഡ്‌നവിസ് അടക്കം മത്സരിച്ച മുന്‍നിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്. ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും മുന്നേറി. ആകെ 4,136 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്, 2019 ലെ തിരഞ്ഞെടുപ്പില്‍ 3,239 സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നു. ഇതില്‍ 2086 പേര്‍ സ്വതന്ത്രരായിരുന്നു. 150-ലധികം സീറ്റുകളില്‍ വിമതര്‍ മത്സരരംഗത്തുണ്ടായിരുന്നു. മഹാരാഷ്ട്രയില്‍, നവംബര്‍ 20 നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. സംസ്ഥാനത്ത് 66 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2019 ല്‍ 61 ശതമാനമായിരുന്നു പോളിംഗ് രേഖപ്പെടുത്തിയിരുന്നത്.
ഝാര്‍ഖണ്ഡില്‍ ഇന്‍ഡ്യ സഖ്യം വിജയത്തിലേക്ക് നീങ്ങുകയാണ്. മൊത്തം 81 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണി 50 സീറ്റില്‍ മുന്നില്‍ നില്‍ക്കുകയാണ്. 31 സീറ്റില്‍ എന്‍ഡിഎ സഖ്യവും മുന്നില്‍ നില്‍ക്കുന്നു. ഹേമന്ത് സോറന്റെ ജെഎംഎം 41 അസംബ്ലി സീറ്റുകളില്‍ മത്സരിച്ചു. സഖ്യകക്ഷികളായ കോണ്‍ഗ്രസ് 30 സീറ്റുകളിലും, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) 6, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്-) 4 സീറ്റുകളിലും മല്‍സരിച്ചു. ബിജെപി 68 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ സഖ്യകക്ഷികളായ ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എജെഎസ്യു) 10 ഇടത്തും ജനതാദള്‍ (യുണൈറ്റഡ്) രണ്ടിടത്തും ലോക് ജനശക്തി പാര്‍ട്ടി (രാം വിലാസ്) ഒരിടത്തും മത്സരിച്ചു.