കാസര്‍കോട്: വോര്‍ക്കാടിയിലെ പ്ലൈവുഡ് ഫാക്ടറിയില്‍ വെളളിയാഴ്ച സന്ധ്യയ്ക്കുണ്ടായ വന്‍ തീപിടിത്തം പൂര്‍ണ്ണമായി കെടുത്തുന്നതിന് ഫയര്‍ഫോഴ്‌സിന്റെ രണ്ടുയൂനിറ്റ് ശനിയാഴ്ച ഉച്ചയ്ക്ക് ശ്രമം തുടരുന്നു. ഫാക്ടറി പൂര്‍ണമായും കത്തിനശിച്ചതായി കരുതുന്നു. എത്രരൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് ഇനിയും കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. തീ ഇപ്പോഴും പൂര്‍ണമായും അണഞ്ഞിട്ടില്ലാത്തതിനാല്‍ ഫാക്ടറിയുടെ ഉള്ളില്‍ കടക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് അനൗദ്യോഗീക കണക്കുകള്‍. വെളളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് തീപിടിത്തമുണ്ടായ വിവരം ഫയര്‍ഫോഴ്‌സ് അറിയുന്നത്. ഉടന്‍ തന്നെ ഉപ്പള ഫയര്‍ സ്റ്റേഷനില്‍ നിന്നും തുടര്‍ന്ന് കാസര്‍കോട്, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും ഏഴു യൂനീറ്റുകള്‍ സ്ഥലത്തെത്തുകയും പുലരുവോളം തീകെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പുലര്‍ച്ചയോടെ തീയും പുകയും കെട്ടടങ്ങിയതോടെ അഞ്ചുയൂനീറ്റുകള്‍ മടങ്ങുകയായിരുന്നു. എന്നാല്‍ അധികം കഴിയും മുമ്പ് വീണ്ടും തീ ഉയര്‍ന്നതോടെ സ്ഥലത്തുണ്ടായിരുന്ന മറ്റു രണ്ട് അഗ്നിശമന യൂനിറ്റുകള്‍ തീകെടുത്താന്‍ ശ്രമം തുടരുകയാണ്. കാസര്‍കോട് ഫയര്‍ സ്റ്റേഷനിലെ അസി.ഫയര്‍ ഓഫീസര്‍ എംകെ രാജേഷ് കുമാറാണ് തീകെടുത്തുന്നതിന് നേതൃത്വം നല്‍കിയത്. അതേസമയം തീപിടിത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. ഷോര്‍ട് സര്‍ക്യൂട്ടായിരിക്കും കാരണമെന്നാണ് ആദ്യ നിഗമനം. ജില്ലാ ഫയര്‍ ഓഫീസര്‍ സ്ഥലത്തെത്തി ഫാക്ടറിക്കുള്ളില്‍ പരിശോധ നടത്തിയ ശേഷമേ നഷ്ടം കണക്കാക്കാനാകൂ.
