കാസർകോട്: വോർക്കാടി ബേക്കറി ജംഗ്ഷനിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. കോടികളുടെ പ്ലൈവുഡ് ഉൽപ്പന്നങ്ങൾ കത്തി നശിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. കാസർകോട്, ഉപ്പള, കുറ്റിക്കോൽ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ ഫയർ സ്റ്റേഷനുകളിലെ ഇരുപതോളം യൂണിറ്റുകൾ എത്തി രാത്രി വൈകിയും തിയണക്കാൻ സാധിച്ചില്ല. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് ഫാറൂഖ് സോമിൽ പ്ലൈവുഡ് ഫാക്ടറിക്ക് തീ പിടിച്ചത്. അപകടത്തെ തുടർന്ന് പ്രദേശമാകെ പുക കൊണ്ട് മൂടിയിരിക്കുകയാണ്. ആളപായം ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളില്ല. മഞ്ചേശ്വരം പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ഫാക്ടറിക്ക് ചുറ്റുമുള്ള ഒരു നാട് മുഴുവൻ കറുത്ത പുക നിറഞ്ഞിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
