കാസര്‍കോട്: ആലംപാടി, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഉണ്ടായത് ഭക്ഷ്യജന്യ രോഗമാണെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ വി അറിയിച്ചു. അപ്പര്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ച ഭക്ഷണത്തിന്റെ ഭാഗമായി വിതരണം ചെയ്ത പാലാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നും പത്രകുറിപ്പില്‍ വ്യക്തമാക്കി. 35 കുട്ടികള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാനഗര്‍ ചൈത്ര ആശുപത്രിയില്‍ 16 വിദ്യാര്‍ത്ഥികളും ജനറല്‍ ആശുപത്രിയില്‍ 19 കുട്ടികളുമാണ് ഉള്ളത്. എട്ടുപേരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരിച്ചയച്ചു. ചികിത്സയില്‍ കഴിയുന്ന കുട്ടികളില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
പാലില്‍ നിന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നു സംശയിക്കുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി സാമ്പിളുകള്‍ ശേഖരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ വി അറിയിപ്പില്‍ തുടര്‍ന്നു പറഞ്ഞു.