കാസര്‍കോട്: വെള്ളിയാഴ്ച രാവിലെ തൃശൂരില്‍ ട്രെയിനിടിച്ച് മരിച്ച വീട്ടമ്മയെ തിരിച്ചറിഞ്ഞു. വെള്ളരിക്കുണ്ട്, കൂരാംകുണ്ടിലെ ആനശ്ശേരിയില്‍ ജയിംസിന്റെ ഭാര്യ റോസമ്മ ജയിംസ് (70) ആണ് മരിച്ചത്. മുരിങ്ങൂര്‍ പോട്ട ധ്യാന കേന്ദ്രത്തിലേയ്ക്ക് ധ്യാനത്തിനു പോയി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു റോസമ്മ. ഡിവൈന്‍ നഗര്‍ റെയില്‍വെ സ്‌റ്റേഷനിലാണ് അപകടം. പാളം മുറിച്ചു കടക്കുന്നതിനിടയില്‍ എറണാകുളം ഭാഗത്തു നിന്നു വരികയായിരുന്ന ട്രെയിനിടിച്ചാണ് അപകടം. റോസമ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മറ്റു രണ്ടുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏതാനും ദിവസം മുമ്പാണ് റോസമ്മ ധ്യാനത്തിനു പോയത്. നാട്ടിലേയ്ക്ക് വരുന്നതിനാണ് ഡിവൈന്‍ നഗര്‍ റെയില്‍വെ സ്‌റ്റേഷനില്‍ എത്തിയത്.
റോസമ്മ ജയിംസിന്റെ കുടുംബം നേരത്തെ മാലോം പുഞ്ചയിലായിരുന്നു. പിന്നീട് വെള്ളരിക്കുണ്ട് കൂരാംകുണ്ടിലേയ്ക്ക് താമസം മാറുകയായിരുന്നു. മക്കള്‍: ജയേഷ്, അഭിലാഷ്.
