കണ്ണൂര്‍: അഭിഭാഷകന്റെ വ്യാജസീലും നോട്ടറി സീലും ഉണ്ടാക്കി സഹോദരങ്ങളുടെ സ്വത്തു തട്ടിയെടുത്ത വിരുതന്‍ അറസ്റ്റില്‍. ഉളിക്കല്‍, കുരിക്കല്‍ വീട്ടില്‍ മാഹി(62)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ബാറിലെ സീനിയര്‍ അഭിഭാഷകനും നോട്ടറിയുമായ സി.കെ രത്‌നാകരന്റെ വ്യാജ സീല്‍ ഉണ്ടാക്കി പവര്‍ ഓഫ് അറ്റോര്‍ണിയുടെ കൃത്രിമരേഖ ഉണ്ടാക്കി സ്വത്തുക്കള്‍ കൈക്കലാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. സ്വത്തുക്കള്‍ വില്‍പ്പന നടത്താന്‍ തന്നെ ചുമതലപ്പെടുത്തിയെന്ന വ്യാജരേഖ ഉണ്ടാക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പിന്നീടാണ് തങ്ങള്‍ തട്ടിപ്പില്‍പ്പെട്ടതായി സഹോദരങ്ങള്‍ക്ക് മനസ്സിലായത്. ഇതോടെയാണ് പൊലീസിനെ സമീപിച്ചത്.
