കാസര്‍കോട്: നിസാരപ്രശ്‌നത്തെച്ചൊല്ലി കുമ്പള ടൗണില്‍ വിദ്യാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടി. വിവരമറിഞ്ഞ് എത്തിയ കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് വിദ്യാര്‍ത്ഥികളെ വിരട്ടിയോടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം കുമ്പള ടൗണിലാണ് സംഭവം. കുമ്പള ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും ഷിറിയ ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികളാണ് ഏറ്റുമുട്ടിയതെന്നു പൊലീസ് പറഞ്ഞു. സംഘടിതരായി എത്തിയ വിദ്യാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്നത് കണ്ട് സ്ഥലത്തുണ്ടായിരുന്നവര്‍ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്നാണ് പൊലീസിനെ വിവരം അറിയിച്ചത്. കുറേ ദിവസങ്ങളായി രണ്ട് സ്‌കൂളുകളിലെയും വിദ്യാര്‍ത്ഥികള്‍ ഷിറിയയിലും കുമ്പളയിലും സംഘടിച്ച് പോര്‍വിളി നടത്തിവരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.