കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം സംബദ്ധിച്ച് നവംബര്‍ 17-ന് ശുഭകരമായ ഒരു കോടതി ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയില്‍ റഹീം നിയമ സഹായ സമിതി. മോചന നടപടികളുടെ ഭാഗമായി കേസ് 17ന് പരിഗണിക്കും. കഴിഞ്ഞ മാസം 21ന് ജയില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്നു കുടുംബം പ്രതീക്ഷിച്ചിരുന്നു. അന്നു കോടതി സിറ്റിങ് നടന്നെങ്കിലും കേസ് മാറ്റി വയ്ക്കുകയായിരുന്നു. വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ചാണ് വിധി പറയേണ്ടത് എന്നായിരുന്നു കോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസിന്റെ ഓഫിസ് ഇക്കാര്യം തീരുമാനിക്കുമെന്ന് കോടതി അറിയിച്ചിരുന്നു. കേസ് ഇനി 17ന് പരിഗണിക്കുമെന്ന അറിയിപ്പാണ് ലഭിച്ചത്. കോടമ്പുഴ സീനത്ത് മന്‍സിലില്‍ മച്ചിലകത്ത് റഹീമിന്റെ മോചനത്തിനായി 47 കോടി 87 ലക്ഷത്തി 65,347 രൂപയാണ് ആകെ സമാഹരിച്ചതെന്ന് നിയമ സഹായ സമിതി അറിയിച്ചു. ദിയ ധനം ഉള്‍പ്പെടെയുള്ള ചെലവ് 36 കോടി 27 ലക്ഷത്തി 34,927 രൂപയാണ്. ബാക്കി 11 കോടി 60 ലക്ഷത്തി 30,420 രൂപ ട്രസ്റ്റ് അക്കൗണ്ടില്‍ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടില്‍ തിരിച്ചെത്തിയ ശേഷം യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും സമിതി അറിയിച്ചു.
