കാസര്‍കോട്: മൊഗ്രാല്‍- കുമ്പള സര്‍വീസ് റോഡിലെ അശാസ്ത്രീയമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇടുങ്ങിയ റോഡും യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഓവുചാലിന്റെ സ്ലാബ് -റോഡ് അന്തരം തീര്‍ക്കാനുള്ള ജോലികള്‍ക്ക് തുടക്കമായി. മൊഗ്രാല്‍ ദേശീയവേദി സംഘം കഴിഞ്ഞയാഴ്ച കുമ്പള ദേവീനഗറിലെ ഓഫീസിലെത്തി റീച്ച് ഡയറക്ടര്‍ അജിത്തിനെ കണ്ട് നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്ലാബും, റോഡും തമ്മിലുള്ള അന്തരം ഏറെ ഉയര്‍ന്നുനില്‍ക്കുന്നതാണ് സര്‍വീസ് റോഡില്‍ വാഹനാപകടങ്ങള്‍ക്കും, മരണങ്ങള്‍ക്കും കാരണമാവുന്നത്. കൊപ്പളം സര്‍വീസ് റോഡില്‍ മാത്രം ഒരാഴ്ചക്കിടെ രണ്ടു വാഹനാപകടങ്ങളും ഒരു മരണവും സംഭവിച്ചിരുന്നു. ഇത് നിര്‍മ്മാണ കമ്പനിക്കെതിരെ വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു. തുടര്‍ന്നാണ് ദേശീയവേദി സംഘം യു.എല്‍.സി.സി അധികൃതരെ സമീപിച്ചത്.
സര്‍വീസ് റോഡിലെ അശാസ്ത്രീയമായ നിര്‍മ്മാണ രീതി പുനഃപരിശോധിക്കുകയും സ്ലാബുകള്‍ക്ക് സമാനമായി സര്‍വീസ് റോഡ് ടാറിങ് ചെയ്തു ഗതാഗതയോഗ്യമാക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
