ഞങ്ങളുടെ കുട്ടിക്കാലത്ത് (1950-60) സമയം അറിയാന്‍ ചില സൂത്രവിദ്യകളുണ്ടായിരുന്നു. ക്ലോക്കും, വാച്ചും ഒന്നും പ്രചാരത്തിലാവാത്ത കാലത്താണേ.
രാവിലെ കോഴികൂവുന്ന സമയത്ത് എഴുന്നേല്‍ക്കും. അത് നാലു മണി എന്നാണ് ധാരണ. നിഴല്‍ അളന്ന് സമയം കണക്കാക്കുന്ന രീതിയും ഉണ്ടായിരുന്നു. സ്‌കൂളില്‍ പോകാനുള്ള സമയം നിസ്‌ക്കാരത്തിനുള്ള സമയമൊക്കെ കണക്കാക്കിയിരുന്നത് സ്വന്തം നിഴലിന്റെ ദൈര്‍ഘ്യം കാല്‍പാദംകൊണ്ട് അളന്ന് കണക്കാക്കിയാണ്. പുലര്‍ച്ചെയും സന്ധ്യാസമയത്തും അമ്പലത്തില്‍ നിന്ന് പൊട്ടിക്കുന്ന വെടിയൊച്ച ശ്രവിച്ചും സമയനിഷ്ഠ പാലിച്ചിരുന്ന കാലമുണ്ടായിരുന്നു.
വീട്ടുമുറ്റത്ത് നട്ടുവളര്‍ത്തുന്ന വൈകീട്ട് 4 മണിക്കു വിടരുന്നതും രാവിലെ പത്തുമണിക്കു വിടരുന്നതുമായ ചെടികളുടെ പൂക്കള്‍ ഉണ്ടായിരുന്നു. സ്‌കൂള്‍ വിടേണ്ട സമയം നാല് മണിയാണ് എന്ന് തിരിച്ചറിയാന്‍ നാലു മണിപ്പൂക്കളും സ്‌കൂളില്‍ രാവിലെ ബെല്ല് അടിക്കുന്ന പത്ത് മണിക്ക് വിടരുന്ന പത്തുമണിപ്പൂക്കളും അന്നുണ്ടായിരുന്നു. അക്കാലത്ത് രാവിലെ പത്തര മണിക്ക് ആകാശത്തൂടെ പോകുന്ന വിമാന ശബ്ദം കേട്ടാല്‍ പത്തര മണിയായെന്ന് ഞങ്ങള്‍ പരസ്പരം പറയുമായിരുന്നു.
ചെറുപ്രായത്തില്‍ റിസ്റ്റ് വാച്ച് കണ്ടിട്ടുണ്ട്. സമ്പന്നരുടെ കയ്യില്‍ മാത്രമെ അക്കാലത്ത് വാച്ച് കണ്ടിട്ടുള്ളു.
എനിക്കൊരു വാച്ചു കിട്ടിയത് 1968ല്‍ പ്രിഡിഗ്രിക്ക് പഠിക്കുമ്പോഴാണ്. അതും പഴയ ഒരു റിസ്റ്റ് വാച്ച്. അന്ന് അസുഖമായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ എന്നെ സന്തോഷിപ്പിക്കാന്‍ അമ്മാവന്‍ തന്ന സമ്മാനമായിരുന്നു ആ ഫെബര്‍ ലൂബ വാച്ച്.
വാച്ച് കെട്ടി നടക്കല്‍ അഭിമാനമായിരുന്നു അന്ന്. വാച്ച് കെട്ടുന്നതിന് മുന്നേ സമയം നോക്കാന്‍ പഠിക്കണം. പലരും സമയം ചോദിക്കും. അപ്പോള്‍ രണ്ട് മണി നാലേ കാല്, മൂന്നേമുക്കാല് എന്നൊക്കെ പറഞ്ഞാല്‍ മതി. മിനിട്ട്കള്‍ ഒന്നും പറയേണ്ട. അന്ന് അത്രയേ ആവശ്യമുള്ളു.
വാച്ചിന് കൃത്യസമയത്ത് കീ കൊടുക്കണം. കീ കൊടുത്തില്ലെങ്കില്‍ വാച്ച് നില്‍ക്കും. കീ കൊടുക്കല്‍ ജീവിതചിട്ടയുടെ ഭാഗമായിരുന്നു അന്ന്.
വാച്ച് കെട്ടി ഗമയില്‍ നടക്കണമെങ്കില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വാച്ച് നിന്നു പോയാല്‍ വാച്ച് മേക്കറെ കാണിക്കണം. ഒരു പ്രത്യേകതരത്തിലുള്ള കണ്ണാടിക്കൂട് മുമ്പില്‍ വെച്ച് ഗമയില്‍ ഇരിക്കുന്ന അദ്ദേഹം വാച്ച് അഴിച്ച് പരിശോധിച്ച് ചികില്‍സ നിശ്ചയിക്കും. മിക്കവാറും ‘ഓയില്‍ ചെയ്യണം’ എന്നായിരിക്കും നിര്‍ദ്ദേശിക്കുക. അതിന് ഒരാഴ്ച സമയമെടുക്കും.
വാച്ചിന്റെ സ്ട്രാപ്പ് പല വിധത്തിലുണ്ടായിരുന്നു. ലതര്‍ സ്ട്രാപ്പ്, ചെയിന്‍ സ്ട്രാപ്പ് എന്നിവയാണ് പഴയ കാലത്തുണ്ടായിരുന്നത്. വാള്‍ ക്ലോക്ക്, ടൈംപീസ് എന്നിവയും അപൂര്‍വ്വമായി കാണാനുണ്ടായിരുന്നു.
1485 – 1542 കാലഘട്ടത്തില്‍ ജര്‍മ്മനിയില്‍ ജീവിച്ചിരുന്ന പീറ്റര്‍ ഹെലന്‍ എന്ന വ്യക്തിയാണ് വാച്ച് കണ്ടുപിടിച്ചതെന്ന് പറയപ്പെടുന്നു. വാച്ചും കെട്ടി നടന്ന പഴയ കാലത്തെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നും. അന്ന് വാച്ചുകെട്ടി കോളേജില്‍ വരുന്നവര്‍ വളരെ കുറവായിരുന്നു. വാച്ചുള്ളവര്‍ തങ്ങളുടെ പൊങ്ങച്ചം കാണിക്കാന്‍ സമയം നോക്കിക്കൊണ്ടിരിക്കും സുഹൃത്തുക്കളുമായി സമയ കാര്യം സൂചിപ്പിക്കാന്‍ സംസാരിച്ചു കൊണ്ടിരിക്കും. ചിലപ്പോള്‍ ഇടതു കയ്യില്‍ നിന്ന് അഴിച്ച് വലതുകയ്യില്‍ കെട്ടും. മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വാച്ച് കടം വാങ്ങി കെട്ടുന്ന സുഹൃത്തുക്കളും അന്നുണ്ടായിരുന്നു.
കാലം മാറി. ഇന്ന് വാച്ച് കെട്ടുന്നത് അപമാനമായി മാറി. അപൂര്‍വ്വം ചിലര്‍ മാത്രമെ ഇന്ന് വാച്ച് ഉപയോഗിക്കുന്നുള്ളു. അതും പ്രായമായവര്‍. അതൊരു ശീലമായി മാറിയവര്‍.
എല്ലാം മൊബൈല്‍ ഫോണില്‍ ലഭിക്കുമ്പോള്‍ റിസ്റ്റ് വാച്ചിന്റെ ആവശ്യമില്ല. അലാറം വെക്കാന്‍ ടൈം പീസിന്റെ ആവശ്യമില്ല. കീ കൊടുത്ത് നടക്കുന്ന വാച്ച് ബാറ്ററി ഉപയോഗിക്കുന്നതും, ചാര്‍ജ് ചെയ്യുന്നതും മറ്റുമായി മാറി.
എനിക്കൊരു സുഹൃത്തുണ്ട്. എന്റെ എല്ലാ ജന്മദിനത്തിലും വാച്ച് സമ്മാനമായി തരും. ‘ജീവിതത്തില്‍ സമയനിഷ്ഠ പാലിക്കണമെന്ന് ഓര്‍മ്മിപ്പിക്കാനാണ് ഈ സമ്മാനമെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്യും. എത്ര വാച്ച് കിട്ടിയാലും ഏത് മോഡേണ്‍ ടൈപ്പ് വാച്ച് ലഭിച്ചാലും എന്റെ ആദ്യവാച്ചിന്റെ ഗമയോര്‍മകള്‍ മറക്കില്ല.
എന്റെ വാച്ച് ശേഖരത്തില്‍ പോക്കറ്റ് വാച്ചുണ്ട്, സ്റ്റോപ് വാച്ചുണ്ട്, ക്ലോക്കും ടൈംപീസും ഒക്കെയുണ്ട്. പക്ഷേ ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണ്‍ മാത്രം.
