കണ്ണൂർ: സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ഇപി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിന് വക്കീല്‍ നോട്ടീസ്. ഡിസി ബുക്‌സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങള്‍ പിന്‍വലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടാണ് ഇപി ജയരാജന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആത്മകഥയുടെ ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത് തന്നെ തേജോവധം ചെയ്യാന്‍ വേണ്ടിയാണെന്ന് ഇപി ആരോപിച്ചു. പുറത്തുവന്ന ഭാഗങ്ങള്‍ താന്‍ എഴുതിയതല്ലെന്നും വക്കീല്‍ നോട്ടീസിലുണ്ട്. അഭിഭാഷകൻ കെ വിശ്വന്‍ ആണ് ഇപിയ്ക്ക് വേണ്ടി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ ആത്മകഥ വിവാദത്തില്‍ ഇപി ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു.ആത്മകഥ ഇതുവരെ എഴുതിക്കുകയോ പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും ഇപി നല്‍കിയ പരാതിയില്‍ പറയുന്നു. ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും ഇപി ആരോപിച്ചു. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ പ്രചാരണം നടത്തിയെന്നും പരാതിയിൽ പറയുന്നു.
