ബീജിംഗ്: സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറ്റി ആക്രമണം. 35 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് പരിക്കേറ്റു. തെക്കൻ ചൈനയിലെ ജൂഹായിലാണ് സംഭവം. ഫാൻ എന്ന് പേരുള്ള 62 കാരനായിരുന്നു കാറോടിച്ചിരുന്നത്. സ്റ്റേഡിയത്തിലെ ബാരിക്കേഡ് തകർത്ത് ഇയാൾ എസ്.യു.വി മോഡലിലുള്ള വണ്ടി ഇടിച്ചുകയറ്റുകയായിരുന്നു. വയോധികരും കുട്ടികളുമടക്കം ഒട്ടേറെ പേർ അവിടെയുണ്ടായിരുന്നുവെന്നാണ് വിവരം. ഓടി രക്ഷപ്പെടാൻ ശ്രമിച്ച കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തിൽ മുറുവേറ്റ നിലയിൽ അബോധാവസ്ഥയിലാണ് ഇയാളെ കണ്ടെത്തിയത്. സ്വയം മുറുവേൽപ്പിച്ച നിലയിലായിരുന്നു ഇയാൾ. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഫാൻ വിവാഹമോചിതനായത്. സ്വത്ത് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോടതി വിധിയിൽ ഇയാൾ അതൃപ്തനായിരുന്നുവെന്നും അതിന്റെ ദേഷ്യം ആക്രമണത്തിന് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.ശക്തമായ സുരക്ഷ സംവിധാനങ്ങളുണ്ടായിരുന്ന സ്ഥലത്താണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ വീഡിയോകൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ നിന്ന് ഇന്റർനെറ്റ് സെൻസർ ചെയ്തു നീക്കി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സംഭവത്തിൽ അഗാധമായ ദുഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് നല്ല ചികിത്സ നൽകണമെന്നും കുറ്റവാളിയെ കഠിനമായി ശിക്ഷിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.സംഭവം കൈകാര്യം ചെയ്യുന്നതിന് മേൽനോട്ടം വഹിക്കാൻ പ്രസിഡന്റ് ബീജിംഗിൽ നിന്ന് ഒരു ടീമിനെ അയച്ചതായി റിപ്പോർട്ടുണ്ട്. എയർഷോ കാണാൻ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് നിരവധിയാളുകൾ ജൂഹായിൽ എത്തിയിരുന്നു.
