തൃശൂര്‍: ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനു മണിക്കൂറുകള്‍ മാത്രം ബാക്കിയായിരിക്കെ കാറില്‍ കടത്തുകയായിരുന്ന 19.5 ലക്ഷം രൂപ പിടികൂടി. ചൊവ്വാഴ്ച രാവിലെ വള്ളത്തോള്‍ നഗറില്‍ പൊലീസ് നടത്തിയ വാഹനപരിശോധനയിലാണ് ബാഗിലാക്കി കാറിന്റെ ഡിക്കിയിലാക്കിയ നിലയില്‍ പണം കണ്ടെത്തിയത്. ബാങ്കില്‍ നിന്നു പിന്‍വലിച്ച പണം എന്നാണ് കാറില്‍ ഉണ്ടായിരുന്ന ജയന്‍ എന്നയാള്‍ പൊലീസിനോട് പറഞ്ഞത്. വിവരമറിഞ്ഞ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ബാങ്കില്‍ നിന്നു പണം പിന്‍വലിച്ചതിന്റെ രേഖകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കസ്റ്റഡിയിലായ ജയനു ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടോയെന്നു വ്യക്തമല്ല.
