കൊച്ചി: കേരളത്തിന്റെ വിനോദസഞ്ചാര മേഖലയില്‍ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കുന്ന സീപ്ലെയിന്‍ കേരളത്തിലെത്തി. കൊച്ചി മറീനയില്‍ കായലില്‍ പറന്നിറങ്ങിയ ജല വിമാനത്തിന് വാദ്യമേളങ്ങളോടെ ഈഷ്മളമായ വരവേല്‍പ്പു നല്‍കി. നാളെ കൊച്ചി കായലിലെ ബോള്‍ഗാട്ടി മറീനയില്‍ നിന്നാണ് സീപ്ലെയിന്‍ പരീക്ഷണ പറക്കല്‍ ആരംഭിക്കുക. പരീക്ഷണപ്പറക്കലിന്റെ ഭാഗമായി തിങ്കളാഴ്ച രാവിലെ കൊച്ചി കായലില്‍ നിന്ന് പറന്നുയര്‍ന്ന് മാട്ടുപ്പെട്ടി ജലാശയത്തില്‍ പറന്നിറങ്ങും. രാവിലെ 9. 30 ന് വ്യവസായ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പരീക്ഷണ പറക്കല്‍ ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചിയില്‍ നിന്നും മൂന്നാറിലേക്ക് പറക്കാന്‍ ഇനി വെറും 30 മിനിറ്റ്. വിനോദസഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിന് വഴിയൊരുക്കാന്‍ സീപ്ലെയിന്‍ വരുന്നു. കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീപ്ലെയ്നുകള്‍.
കൊച്ചിയില്‍ നിന്നും മൂന്നാറിലേക്കുള യാത്രയില്‍ മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും കാഴ്ചകള്‍ യാത്രകാര്‍ക്ക് ആസ്വദിക്കാന്‍ കഴിയും. യാത്രക്കാര്‍ക്ക് കാഴ്ചകള്‍ നന്നായി കാണാന്‍ കഴിയുന്ന തരത്തില്‍ സീപ്ലെയ്നുകളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കൊച്ചി കായല്‍, ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട് കായല്‍, കൊല്ലം അഷ്ടമുടിക്കായല്‍, കാസര്‍കോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്തെ കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിന്‍ ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
1200 രൂപയാണ് യാത്രയ്ക്കുള്ള ചെലവ് പ്രതീക്ഷിക്കുന്നത് എന്നാണ് വിവരം. 250 കിലോ മീറ്റര്‍ 2000 രൂപ എന്ന നിലയില്‍ ഓപ്പറേറ്റര്‍മാര്‍ക്ക് യാത്രക്കാരില്‍ നിന്ന് ഈടാക്കാനുമാകും.
