ഇതൊരു കഥയല്ല, ചരിത്രമാണ്. എവിടെയും രേഖപ്പെടുത്താത്ത ചരിത്രത്തിലെ ഒരു ഏട്. പറഞ്ഞു
കേട്ട കാര്യമല്ലാതെ എവിടെയും ഇത് രേഖപ്പെടുത്തിക്കണ്ടിട്ടില്ല. അതിന് കാരണങ്ങള്‍ പലതും ഉണ്ടാവാം.
കര്‍ഷക കുടുംബത്തില്‍പ്പെട്ട ഒരു മുസ്ലിം സ്ത്രീ കാണിച്ച ധൈര്യവും തന്റേടവുമാണിത്.
അത് പറഞ്ഞറിഞ്ഞപ്പോള്‍ വല്ലാത്തൊരു ആവേശവും അഭിമാനവും തോന്നി. ഇങ്ങനെയൊക്കെ ആയിരുന്നു കഴിഞ്ഞ തലമുറ ഇവിടെ തന്റേടത്തോടെ ജീവിച്ചു വന്നത് എന്ന് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷമുണ്ട്. പറഞ്ഞുകേട്ടത് ഇങ്ങനെയാണ്:
‘1946ലെ കരിവള്ളൂര്‍ സമരവുമായി ബന്ധപ്പെട്ട ഒരു വസ്തുത. അന്ന് ഓണക്കുന്നില്‍ എം എസ് പി ക്യാമ്പ് ഉണ്ടായിരുന്നു. കാര്‍ഷിക മേഖലയില്‍ നടന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു സമരചരിത്രത്തിന്റെ ഏടുകളില്‍ കേട്ടു കേള്‍വിയുള്ള കഥയാണിത്. എന്തുകൊണ്ട് ആരും രേഖപ്പെടുത്തിയില്ല എന്ന് എനിക്ക് തോന്നി. എം.എസ്.പിക്കാര്‍ കരിവെള്ളൂര്‍ മേഖലയാകെ അരിച്ചുപെറുക്കുകയാണ്. കുണിയന്‍ സമരത്തില്‍ പങ്കെടുത്ത ആളുകളെ കയ്യാമം വെക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. അതിന് സംശയിക്കുന്നവരുടെ വീടുകളിലെല്ലാം അവര്‍ അരിച്ചു പെറുക്കുകയായിരുന്നു. അതില്‍ പങ്കെടുത്തു എന്ന് ഉറപ്പുള്ള കുഞ്ഞപ്പു എന്നു പേരായ ഒരു കര്‍ഷകതൊഴിലാളിയെ ഓടിച്ച് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. അദ്ദേഹം പിടികൊടുക്കാതെ ഏറ്റവും വേഗത്തില്‍ ഓടുകയാണ്.
എവിടെ ചെന്ന് അഭയം ലഭിക്കുമെന്ന് പോലും അദ്ദേഹത്തിന് അറിയില്ല. പകരം ഈ മൃഗീയമായി ദ്രോഹിക്കുന്ന എം എസ് പിക്കാരില്‍നിന്ന് തല്ലു കൊള്ളാതെ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം നോക്കുകയായിരുന്നു അദ്ദേഹം. അങ്ങനെയാണ് അദ്ദേഹത്തിന്റെ വീടിനടുത്തുള്ള പാലക്കുന്നിലെ ഒ.ടി അസ്സൈനാര്‍ എന്ന് പറയുന്ന കൃഷിക്കാരന്റെ വീട്ടുപറമ്പിലേക്ക് അദ്ദേഹം ഓടി എത്തിയത്. ആ സമയത്ത് കൊയ്തുകൊണ്ടു വന്ന നെല്ല് മെതിച്ച് അതിന്റെ വൈക്കോല്‍ ഉണക്കിയെടുക്കുന്ന ശ്രമത്തിലായിരുന്നു കുഞ്ഞാമിന എന്ന് പറയുന്ന വനിത. ആ സമയത്താണ് കുഞ്ഞപ്പു ഓടി അവിടേക്ക് എത്തുന്നത്.
ഓടിവന്ന കുഞ്ഞപ്പുവിന് എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ കുഞ്ഞാമിന പിന്നെ ഒന്നും ചിന്തിച്ചില്ല. കുഞ്ഞാപ്പുവിനെ സ്വന്തം വീട്ടിലേക്ക് കൂട്ടി ചെല്ലാന്‍ പറ്റില്ല. അതിനേക്കാള്‍ അപകടമാണത്.
കാര്യം മനസ്സിലാക്കിയ കുഞ്ഞാമിന ഉമ്മ കുഞ്ഞപ്പുവിനോട് പറയുന്നു ഇവിടെ കിടക്കടാ.
ഈ സമയം കുഞ്ഞപ്പൂ ഒന്നും ആലോചിക്കാതെ പുല്ലിലേക്ക് ചാടി വീഴുകയാണ്. പുല്ലില്‍ കിടക്കുന്ന കുഞ്ഞപ്പുവിനെ വൈക്കോല്‍ ദേഹത്തേക്ക് വാരിവലിച്ചിട്ട് പുറത്ത് കാണാത്തവിധം മൂടി മറച്ചു.
കുഞ്ഞാമിന ഉമ്മക്കറിയാം ഇവനെ പിടിക്കാന്‍ എംഎസ്പിക്കാര്‍ ഓടി വരുന്നുണ്ട് എന്നുള്ളത്. വൈക്കോല്‍ മൂടിപ്പുതച്ചു കിടന്ന കുഞ്ഞപ്പുവിനെ അപ്പുറവും ഇപ്പുറവും നോക്കാതെ പുല്ല് തല്ലുകയാണ് കുഞ്ഞാമിന ഉമ്മ.
ആര്‍ക്കും ഒരു സംശയം കൊടുക്കാത്ത വിധത്തില്‍ വൈക്കോല്‍ മൂടി കിടക്കുന്ന കുഞ്ഞപ്പുവിന്റെ ദേഹത്തും അല്‍പം അടിയും കിട്ടിയിട്ടുണ്ടാവാം. എന്നാലും അവരില്‍ നിന്നും രക്ഷപ്പെടുത്തുക എന്ന് തന്നെ കുഞ്ഞാമിന ഉമ്മ തീരുമാനിച്ചു.
കുഞ്ഞപ്പുവിന്റെ പിറകെ ഓടിയെത്തിയ എം.എസ്.പിക്കാര്‍ നാലുപാടും നോക്കി. പക്ഷേ കുഞ്ഞപ്പുവിനെ എവിടെയും അവര്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ഒരു സംശയവും തോന്നാത്ത രീതിയില്‍ കുഞ്ഞാമിന വൈ
ക്കോല്‍ തല്ലിക്കൊണ്ടേയിരുന്നു. ഓടിക്കിതച്ചെത്തിയ എംഎസ്പിക്കാര്‍ നിരാശയോടെ തിരിച്ചുപോയി.
അങ്ങനെ ഒരു വലിയ പീഡനത്തില്‍ നിന്ന് കുഞ്ഞപ്പുവിനെ രക്ഷിച്ച കരിവെള്ളൂരിലെ സമര സഖാവിനെ രക്ഷിച്ച കുഞ്ഞാമിനയുടെ ചരിത്രം ഇവിടെയും കാണാതെ പോയത് വിഷമം ഉണ്ടാക്കുന്നു.
ഇത്തരം കഥകള്‍ അല്ല ഇത്തരം ചരിത്രങ്ങള്‍ വരും തലമുറക്ക് പ്രചോദനമാകുമെന്ന കാര്യത്തില്‍ സംശയമില്ല. അതിനനുസരിച്ച് ഇതൊക്കെ രേഖപ്പെടുത്തി വയ്‌ക്കേണ്ടത് ഇന്ന് ജീവിച്ചിരിക്കുന്നവരുടെ കടമയാണെന്ന് കൂടി ഞാന്‍ കരുതുന്നു. തീര്‍ച്ചയായിട്ടും കുഞ്ഞാമിന കുഞ്ഞപ്പൂ എന്ന് പറയുന്ന ഒരു മനുഷ്യനെയാണ് കണ്ടത്. അവര്‍ ജാതി നോക്കിയില്ല, മതം നോക്കിയില്ല അവിടെ നോക്കിയത് മനുഷ്യസ്‌നേഹം മാത്രമാണ്.
******
കോടീശ്വരനായ അസ്സൈനാര്‍ ഹാജിക്കു പാവപ്പെട്ടവനായ മകളുടെ ഭര്‍ത്താവിനെ (പുതിയാപ്ല)ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. അയാളെ ഒഴിവാക്കാനുള്ള ശ്രമം നടത്തുന്നതിനിടെ മകള്‍ ഗര്‍ഭിണിയായി. പലവട്ടം മകളുടെ ഭര്‍ത്താവ് വീട്ടിലേക്ക് വരാന്‍ ശ്രമിച്ചെങ്കിലും അസ്സൈനാര്‍ ഹാജി എന്റെ വീട്ടില്‍ കയറരുത് എന്ന് പറഞ്ഞു അയാളെ ആട്ടി തുപ്പുകയും തിരിച്ചയക്കുകയും ചെയ്തു. മാസങ്ങള്‍ക്ക് ശേഷം മകള്‍ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു.
തന്റെ ഭാര്യ പ്രസവിച്ച വിവരമറിഞ്ഞ അയാള്‍ വീണ്ടും അവിടേക്ക് ഓടിയെത്തി. അപ്പോഴും വാതില്‍ പടിക്കല്‍ അസൈനാര്‍ ഹാജിയുടെ ഇവിടെ കയറാന്‍ പാടില്ല എന്ന ഉറച്ച സ്വരം. അയാള്‍ തിരിച്ചുപോയി. ഭാര്യയെയും തന്റെ കുഞ്ഞിനേയും കാണാന്‍ അയാള്‍ അര്‍ദ്ധപാതിരയ്ക്ക് മുട്ടി വിളിച്ചു. ആ ശബ്ദം തിരിച്ചറിഞ്ഞ ഭാര്യ ജനാല തുറന്ന് ചോര കുഞ്ഞിനെ ഭര്‍ത്താവിന് കാണിച്ചുകൊടുത്തു. അയാള്‍ ബാറ്ററി ടോര്‍ച്ചിന്റെ നേരിയ വെളിച്ചത്തില്‍ തന്റെ കുഞ്ഞിനെ ഇമവെട്ടാതെ നോക്കി കാണുന്നു.
അയാള്‍ ഭാര്യയോട് പറഞ്ഞു; നാളെ ഇതേ സമയം ഞാന്‍ ഇവിടെ വരാം. നീ എന്റെ കൂടെ വരണമെന്ന്. വരാമെന്നു ഭാര്യ ഉറപ്പ് കൊടുത്തു. അയാള്‍ പാതിരാവില്‍ ഒന്നര മണിയോടെ അവിടെ എത്തി.
ഭര്‍ത്താവ് വന്നു വിളിച്ചപ്പോള്‍ ആ ചോരക്കുഞ്ഞിനെയും വാരിയെടുത്ത് ഉടുതുണിക്ക് മറുതുണി പോലുമെടുക്കാതെ ശബ്ദമുണ്ടാക്കാതെ ഭര്‍ത്താവിനോടൊപ്പം ഇറങ്ങി പോയി. മണിമാളികയില്‍ നിന്നും ഓല മേഞ്ഞ ചെറ്റക്കുടിലിലേക്ക്.
ഇതറിഞ്ഞ അസ്സൈനാര്‍ഹാജിക്ക് കലിയിളകി. എന്റെ ഒരു തരി സ്വത്തിനോ വീട്ടിലോ അവള്‍ക്ക് അവകാശമില്ല. എല്ലാം അയാള്‍ മറ്റ് മക്കളുടെ പേരില്‍ എഴുതി വെച്ചു.
ഭാര്യയും ഭര്‍ത്താവും മക്കളുമായി ഏറെ ദുരിതങ്ങള്‍ സഹിച്ചു. എന്നാലും അസ്സൈനാര്‍ ഹാജിയുടെ വാതുക്കല്‍ ഒരാവശ്യം പറഞ്ഞു അവര്‍ പോയില്ല.
വര്‍ഷങ്ങള്‍ പിന്നിട്ടു. തന്റെ ഭര്‍ത്താവിന്റെ കഠിന പ്രയത്‌നം കൊണ്ട് പടിപടിയായി ഉയര്‍ന്നു നല്ല നിലയിലെത്തി. എത്രയോ ജ്വല്ലറികളുടെ ഉടമകളായി. കിടപ്പിലായ അസ്സൈനാര്‍ഹാജിക്ക് ചികിത്സക്കുള്ള പണം പോലുമില്ലാതായി. ആട്ടിയിറക്കിയ മകളും ഭര്‍ത്താവും അയാള്‍ക്ക് അവസാനം ആശ്രയമായി.
തന്നെ സ്‌നേഹിക്കുന്ന ഭര്‍ത്താവിനെ തള്ളിപ്പറയാതെ ഇല്ലായ്മയില്‍ മക്കളോടൊപ്പം സഹനകടലായി പൊരുതി ചങ്കൂറ്റത്തോടെ ഭര്‍ത്താവിനൊടൊപ്പം ചേര്‍ന്ന് വിജയിച്ച സ്ത്രീ. ഇന്നത്തെ സ്ത്രീകള്‍ക്കുള്ള മാതൃകയാണ് അപ്പോള്‍ ഈ സംഭവം.