കാസര്‍കോട്: നടപടി ശക്തമാക്കിയതോടെ ഝാര്‍ഖണ്ഡില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ സുരക്ഷിത താവളം തേടി പശ്ചിമഘട്ട മലനിരകളില്‍ എത്തിയതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ ഇതിനകം ദക്ഷിണേന്ത്യയില്‍ എത്തിയതായും ഇവരില്‍ പൊലീസ് തേടുന്ന ചില പ്രമുഖരും ഉള്ളതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം കാര്‍ക്കളയില്‍ വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയ പ്രദേശവാസികള്‍ തോക്കേന്തിയ അഞ്ചംഗ സംഘത്തെ കണ്ടതോടെയാണ് മാവോയിസ്റ്റുകള്‍ കൂട്ടത്തോടെ എത്തിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് അധികൃതര്‍ പ്രാധാന്യം നല്‍കുന്നത്. നടപടിയുടെ ഭാഗമായി ചിക്മംഗ്‌ളൂരു മുതല്‍ സുബ്രഹ്‌മണ്യം വരെ വനത്തില്‍ പ്രത്യേക പരിശോധന നടത്താന്‍ കര്‍ണ്ണാടക പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. 2003ല്‍ കാര്‍ക്കളയില്‍ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു വനിതാ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ചിരുന്നു. അതേ സ്ഥലത്താണ് കഴിഞ്ഞ ദിവസം സായുധ സംഘത്തെ നാട്ടുകാര്‍ കണ്ടത്. ഝാര്‍ഖണ്ഡില്‍ നിന്നുള്ളവര്‍ക്കൊപ്പം വയനാട് വനത്തില്‍ നിന്നു ഉള്‍വലിഞ്ഞ മാവോയിസ്റ്റ് സംഘവും കാര്‍ക്കള ഭാഗത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. പുതിയ സാഹചര്യത്തില്‍ കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ കേരള പൊലീസും ജാഗ്രതയിലാണ്.
