കാസര്‍കോട്: അണ്ടര്‍പാസിന് വേണ്ടിയുള്ള പ്രക്ഷോഭത്തിനൊടുവില്‍ അനുമതി ലഭിച്ച പെര്‍വാഡ് ‘ഫുട് ഓവര്‍ ബ്രിഡ്ജ് ‘നിര്‍മ്മാണം കുമ്പള പഞ്ചായത്ത് പ്രസിഡണ്ട് താഹിറാ യുസുഫ് ഇടപെട്ട് തിരുത്തി വയ്പിച്ചു. സംഭവത്തില്‍ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു. നടപ്പാലത്തിനുള്ള ജോലി തുടങ്ങി ഫൗണ്ടേഷന്‍ കഴിഞ്ഞ ശേഷമാണു തടസ്സവാദവുമായി പഞ്ചായത്തു പ്രസിഡന്റ് റോഡ് നിര്‍മ്മാണ കരാറുകാരെ സമീപിച്ചതെന്നു പറയുന്നു. പണി നിറുത്തി വയ്ക്കാന്‍പഞ്ചായത്ത് പ്രസിഡണ്ട് ഊരാളങ്കല്‍ സൊസൈറ്റിക്കു കത്ത് നല്‍കുകയായിരുന്നുവത്രെ. ജനങ്ങളുടെ ആവശ്യത്തിനു തുരങ്കം വയ്ക്കാനാണോ ജനപ്രതിനിധിയെന്ന നാട്ടുകാരുടെ അന്വേഷണത്തിന്, മുകളില്‍ നിന്ന് ഇതിനു വേണ്ടി സമ്മര്‍ദ്ദമുണ്ടായത് കൊണ്ടാണ് അങ്ങനെ കത്ത് നല്‍കിയതെന്നാണ് പ്രസിഡണ്ട് പ്രതികരിച്ചതെന്നു നാട്ടുകാര്‍ പ്രതികരിച്ചു. മുകളില്‍ നിന്നു സമ്മര്‍ദ്ദം ചെലുത്തിയ സര്‍വശക്തന്‍ ആരാണെന്നും എന്താണ് സമ്മര്‍ദ്ദമെന്നും ആരാഞ്ഞുവെങ്കിലും പ്രസിഡണ്ട് അതു വെളിപ്പെടുത്തിയിട്ടുമില്ലെന്നു നാട്ടുകാര്‍ സഹതപിച്ചു. എന്നാല്‍ ഒരു സ്വകാര്യ വ്യക്തിക്ക് വേണ്ടി നാട്ടുകാരോടോ, പ്രദേശവാസികളോടൊ അന്വേഷിക്കാതെ പ്രസിഡണ്ട് സ്വന്തം നിലക്ക് ഇങ്ങനെ ഒരു കത്ത് നല്‍കി നിര്‍മ്മാണം നിര്‍ത്തിവെപ്പിക്കുകയായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. ഇതു നാട്ടുകാരില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ഫുട് ഓവര്‍ബ്രിഡ്ജ് വരുന്ന പ്രദേശങ്ങളില്‍ ഉള്ള മെമ്പര്‍മാരോട് പോലും ചോദിക്കാതെയാണ് പ്രസിഡന്റ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് മെമ്പര്‍മാരായ അനില്‍കുമാറും, വിദ്യ പൈയും പറഞ്ഞു. മാത്രവുമല്ല ഇങ്ങനെ ഒരു അജണ്ട പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ വയ്ക്കുകയോ, ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടുമില്ല. മാത്രവുമല്ല റോഡിന്റെ ഒരു വശത്തുള്ള സ്‌കൂള്‍ മാനേജ്‌മെന്റിന്റെ എതിര്‍പ്പാണ് കാരണമെന്ന് വ്യാജ പ്രചരണവും ആരംഭിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. ഫുട് ഓവര്‍ ബ്രിഡ്ജ്ജ് പണി പുനരാരംഭിച്ച് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി ദേശീയപാത മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കമുള്ള പ്രദേശവാസികള്‍ക്ക് അവസരം ഒരുക്കണമെന്ന് നാട്ടുകാരും, ജനപ്രതിനിധികളും, സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു.