കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ട് എം രാജഗോപാലന്‍ എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്തിലെ സന്ദീപ്, ബിജു, രതീഷ്, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഷിബിന്‍രാജ് എന്നിവരാണ് മരിച്ചത്. വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട്, കണ്ണൂര്‍, കാഞ്ഞങ്ങാട്, മംഗളൂരു തുടങ്ങിയ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇത് അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമായിരുന്നു. നിര്‍ധനരായ കുടുംബങ്ങളുടെ താങ്ങും തണലുമായി നിന്നവരാണ് ഈ അപകടത്തില്‍ മരണപ്പെട്ടിട്ടുള്ളത്. നിരാലംഭരായ ഈ കുടുംബത്തിന് ആശ്വാസമേകുന്നതിനാണ് സാമ്പത്തിക സഹായം അനുവദിക്കണമെന്ന് എംഎല്‍എ നിവേദനത്തിലൂടെ ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം ചില ആശുപത്രികള്‍ ചികില്‍സാ ചെലവിനായി പണം ഈടാക്കിയതായും പരാതിയുണ്ട്. അതേസമയം സൗജന്യ ചികില്‍സ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് റവന്യൂ വകുപ്പ് അധികൃതരും ആരോഗ്യവകുപ്പു അധികൃതരും പറയുന്നത്. തുടര്‍ ചികില്‍സയ്ക്കായി ആശുപത്രിയിലെത്തുന്നവരില്‍ നിന്നാണ് പണം ഈടാക്കുന്നത്.
