ഭോപ്പാല്‍: വാച്ച് മോഷ്ടിച്ചതിന്റെ പേരില്‍ ആണ്‍കുട്ടികളെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചതായി പരാതി. മദ്ധ്യപ്രദേശിലെ പാണ്ഡുര്‍ന ജില്ലയിലാണ് സംഭവം. 14 വയസുളള രണ്ട് കുട്ടികളെയാണ് ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. മൊഹ്ഗാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒക്ടോബര്‍ 31 നാണ് സംഭവം നടന്നത്. ഇപ്പോഴാണ് പുറത്തുവരുന്നത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി.
കടം വാങ്ങിയ പണം തിരികെ നല്‍കാനായി ഒരു വീട്ടില്‍ പോയപ്പോഴാണ് വാച്ച് കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടത്. അവരത് കൈക്കലാക്കിയെങ്കിലും തെറ്റ് മനസിലാക്കി തിരികെ വച്ചു. പിന്നില്‍ കുട്ടികളാണെന്നറിഞ്ഞ നിഖില്‍ കലംബെ, സുരേന്ദ്ര ബവങ്കര്‍ എന്നിവര്‍ അവരെ ബലമായി ഒരു ട്രാക്ടര്‍ ഗാരേജിലേക്ക് കൊണ്ടുപോവുകയും മോഷണം ആരോപിച്ച് അവരെ ചോദ്യം ചെയ്ത ശേഷം തലകീഴായി കെട്ടിയിട്ട് മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. കൂടാതെ മുളക് പുകച്ചും കുട്ടികളെ അവര്‍ ഉപദ്രവിച്ചു. ഇക്കാര്യം കുട്ടികള്‍ വീട്ടില്‍ അറിയിച്ചിരുന്നില്ല. ദിവസങ്ങള്‍ക്ക് ശേഷം പ്രതികളിലൊരാളായ സുരേന്ദ്ര ബവങ്കര്‍ പകര്‍ത്തിയ വീഡിയോ വാട്സാപ്പില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പീഡനം പുറത്തറിയുന്നത്. വിഡിയോ ഒരു കുട്ടിയുടെ പിതാവ് കണ്ടു. പിന്നീട് കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ വിവരമറിയിച്ച് പരാതി നല്‍കി. നിഖില്‍ കലംബെ, സുരേന്ദ്ര ബവങ്കര്‍, ഇവരുടെ സഹായി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ അന്വേഷണം നടത്തിവരികയാണ്.