കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ചാവശ്ശേരി സ്വദേശി മഷ്‌റൂഖിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ചു. തലശേരി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. കേസിലെ 13 പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. എന്‍ഡിഎഫ് പ്രവര്‍ത്തകരായ 14 പേരാണ് പ്രതികള്‍. ചാവശ്ശേരി സ്വദേശി മഷ്‌റൂഖ് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് കോടതി വിധിച്ചത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.
2005 മാര്‍ച്ച് പത്തിന് ആണ് അശ്വനികുമാര്‍ വധിക്കപ്പെട്ടത്. പേരാവൂരിലേക്കു പോകുമ്പോള്‍ ഇരിട്ടിയില്‍ ബസിനുള്ളില്‍വച്ചാണ് വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികളില്‍ നാലുപേര്‍ ബസിനുള്ളിലുണ്ടായിരുന്നു. മറ്റുള്ളവര്‍ ജീപ്പിലും എത്തിയാണ് കൊല നടത്തിയത്. വാളുകൊണ്ടു വെട്ടിയും കുത്തിയുമാണ് കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമങ്ങളാണ് കണ്ണൂരില്‍ ഉണ്ടായത്. 42 സാക്ഷികളെയാണ് വിസ്തരിച്ചത്.