കാസര്‍കോട്: ഞായറാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ വന്‍നാശം. ഒരാള്‍ക്കു സാരമായി പരിക്കേറ്റു. ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.
ആരിക്കാടി, കുന്നില്‍ ഖിള്‌രിയ്യ നഗറിലെ ഗള്‍ഫുകാരന്‍ അബ്ദുല്‍ റഹ്‌മാന്റെ ഇരുനില വീട്ടിനു രാത്രി എട്ടുമണിയോടെയാണ് ഇടിമിന്നലേറ്റത്. ഈ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന അബ്ദുല്‍ റഹ്‌മാന്റെ ഭാര്യ സുബൈദയും മകനും പുറത്തേക്ക് ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായം ഒഴിവായി. വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തിനശിച്ചു. ചുമരുകളില്‍ വിള്ളല്‍ വീണു. ഫ്രിഡ്ജ്, ടി.വി, വാഷിംഗ് മെഷീന്‍, ഫാന്‍, എ.സി തുടങ്ങിയ ഗൃഹോപകരണങ്ങളെല്ലാം കത്തി നശിച്ചു.
മീഞ്ച പഞ്ചായത്തിലെ ആറാം വാര്‍ഡിലെ ബുദ്രിയയിലെ സീനമൂല്യയുടെ വീട്ടിനു രാത്രി എട്ടു മണിയോടെയാണ് ഇടിമിന്നലേറ്റത്. സീനമൂല്യയുടെ ഭാര്യ സുഗന്ധിയെ ഇടിമിന്നലേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ വീടിനു പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഗൃഹോപകരണങ്ങളും വീടിന്റെ വയറിംഗും പൂര്‍ണ്ണമായും കത്തി നശിച്ചു.