മുംബൈ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. മുംബൈ ട്രാഫിക് പൊലീസിനാണ് വാട്സാപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബിജെപി മുഖ്യമന്ത്രിക്കെതിരെയുള്ള വധഭീഷണി കിട്ടിയത്. 10 ദിവസത്തിനുള്ളില്‍ യോഗി ആദിത്യനാഥ് രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ ബാബ സിദ്ദിഖിയുടെ ഗതിയാകുമെന്നാണ് ഭീഷണി. വധഭീഷണിയുമായി ബന്ധപ്പെട്ട് 24കാരിയായ ഫാത്തിമ ഖാന്‍ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുംബൈയിലെ താനെയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിക്കുന്നത്. ബിഎസ്സി ബിരുദധാരിയാണ് യുവതിയെന്നാണ് റിപ്പോര്‍ട്ട്. മുന്‍മന്ത്രിയും അജിത് പവാര്‍ വിഭാഗം എന്‍സിപിയുടെ നേതാവുമായ ബാബ സിദ്ദിഖി മുംബൈയിലെ ബാന്ദ്രയില്‍ കഴിഞ്ഞ മാസമാണ് കൊല്ലപ്പെട്ടത്. കുപ്രസിദ്ധ അധോലോക സംഘമായ ലോറന്‍സ് ബിഷ്ണോയി സംഘത്തിന്റെ വധഭീഷണിയുണ്ടായിരുന്ന ബാബ സിദ്ദിഖി വെടിയേറ്റാണ് കൊല്ലപ്പെട്ടത്. ബോളിവുഡ് താരം സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ബാബ സിദ്ദിഖിയെ കൊന്നതിന് ശേഷം ലോറന്‍സ് ബിഷ്ണോയ് സംഘം സല്‍മാന്‍ ഖാനെതിരേയും വധഭീഷണി മുഴക്കിയിരുന്നു. രാജസ്ഥാനില്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയതിന്റെ പകയിലാണ് സല്‍മാന്‍ ഖാന് നേര്‍ക്ക് ലോറന്‍സ് ബിഷ്ണോയ് സംഘം തിരിഞ്ഞത്. ബാബ സിദ്ദിഖിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഭയപ്പാടില്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
നിരവധി വധഭീഷണികള്‍ പ്രമുഖര്‍ക്കെതിരെ വരുന്നതിന് ഇടയിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ മഹാരാഷ്ട്രയിലേക്ക് ഭീഷണി സന്ദേശമെത്തുന്നത്.