കാസര്‍കോട്: സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മുന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷേണി, ബെല്‍ത്തക്കല്ലുവിലെ സച്ചിതാറൈക്കെതിരെ ബദിയഡുക്ക പൊലീസ് രണ്ടു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ സച്ചിതയ്‌ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 18 ആയി.
ദക്ഷിണ കര്‍ണ്ണാടകയിലെ പെര്‍വാജെ സ്വദേശിനി പി.രേണുക നല്‍കിയ പരാതിയിലാണ് ഒരു കേസ്. കര്‍ണ്ണാടക എക്‌സൈസ് വകുപ്പില്‍ 80,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കുന്ന ജോലി വാങ്ങിത്തരാമെന്ന് വിശ്വസിപ്പിച്ച് 29 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് രേണുകയുടെ പരാതി. ബാങ്ക് വഴിയും നേരിട്ടുമാണ് പണം നല്‍കിയതെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
എന്‍മകജെ, വാണിനഗര്‍, പലേപ്പാടിയിലെ പി. സതീഷിന്റെ പരാതിയിലും സച്ചിതയ്‌ക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. കാസര്‍കോട് സിപിസിആര്‍ഐയില്‍ ഡ്രൈവര്‍ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞ് അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് സതീശന്റെ പരാതി. കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സച്ചിത റിമാന്റിലാണ്. രണ്ടുമാസം പ്രായമായ കൈക്കുഞ്ഞും കൂടെയുണ്ട്.